
കൽപ്പറ്റ: വയനാട് ചുരത്തിൽ നിരന്തരം അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും ചുരം റോഡിന്റെ ശോചനീയാവസ്ഥയ്ക്കും അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ലക്കിടിയിലെ വയനാട് കവാടത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ച് നടന്ന സമരത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ചുരത്തിലെ എല്ലാ വളവുകളും വീതി കൂട്ടി നവീകരിക്കുക, മുഴുവൻ സമയവും പോലീസിനെ നിയോഗിക്കുക, ക്രെയിൻ സംവിധാനം ഏർപ്പെടുത്തുക, ചിപ്പിലിത്തോട് – തളിപ്പുഴ ചുരം ബൈപ്പാസും പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡും യാഥാർത്ഥ്യമാക്കുക, തുരങ്കപാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കുക, പക്രംതളം, പേരിയ, ബോയ്സ് ടൗൺ ചുരം റോഡുകൾ വീതി കൂട്ടി നവീകരിക്കുക, വയനാട്ടിൽ ഉടൻ തന്നെ എയർപോർട്ട് നിർമ്മാണം ആരംഭിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു സമരം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.








