
മാനന്തവാടി: വയനാടിന്റെ ആരോഗ്യ മേഖലയോടുള്ള സംസ്ഥാന സർക്കാരിൻറെ അവഗണനയ്ക്കും മെഡിക്കൽ കോളേജിലെ അനാസ്ഥയ്ക്കുമെതിരെ പ്രതിഷേധം ശക്തമാക്കി യുവമോർച്ച. വയനാട് മെഡിക്കൽ കോളേജിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടും വിഷയത്തിൽ ഇടപെടാത്ത ആരോഗ്യ മന്ത്രിയും മാനന്തവാടി എംഎൽഎയും മറുപടി പറയണമെന്ന് ആവശ്യപ്പെട്ടാണ് യുവമോർച്ചയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്. ബി.ജെ.പി സംസ്ഥാന സമിതിയംഗം സജി ശങ്കർ മാർച്ച് ഉദ്ഘാടനം ചെയ്തു. യുവമോർച്ച മാനന്തവാടി മണ്ഡലം പ്രസിഡണ്ട് രൂപേഷ് പിലാക്കാവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ മന്ത്രിയും മാനന്തവാടി എംഎൽഎയും വിഷയത്തിൽ ഇടപെടുന്നത് വരെ ശക്തമായ തുടർ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സജി ശങ്കർ വ്യക്തമാക്കി. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി. അഖിൽ പ്രേം ചടങ്ങിൽ വച്ച് തുടർ സമര പ്രഖ്യാപനം നടത്തി. നേതാക്കളായ പുനത്തിൽ രാജൻ, ടി.എം സുബീഷ്, വിൽഫ്രഡ് ജോസ്, കണ്ണൻ കണിയാരം, സുമ രാമൻ, ശശിമോൻ കരിമ്പിൽ തുടങ്ങിയവർ സംസാരിച്ചു. അഖിൽ കേളോത്ത്, ശ്രീജിത്ത് കണിയാരം, സംഗീത് പി.എസ്, സായ് കൃഷ്ണൻ തുടങ്ങിയവരാണ് മാർച്ചിന് നേതൃത്വം നൽകിയത്.








