
ന്യൂഡൽഹി: രാജ്യത്ത് നാശം വിതയ്ക്കുന്ന മിന്നൽ പ്രളയങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ അത്യാധുനിക സാങ്കേതിക വിദ്യയുമായി കേന്ദ്ര ജലകമ്മീഷൻ. നിർമിത ബുദ്ധി, മെഷീൻ ലേണിംഗ് എന്നിവയുടെ സഹായത്തോടെ നാലാഴ്ച മുമ്പ് തന്നെ പ്രളയ സാധ്യത പ്രവചിക്കാനുള്ള വിപുലമായ പഠനത്തിനാണ് കമ്മീഷൻ തുടക്കം കുറിച്ചിരിക്കുന്നത്.
പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി കണ്ട് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഈ നൂതന സംവിധാനം വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ കേന്ദ്ര ജലകമ്മീഷൻ പ്രളയ മുന്നറിയിപ്പുകൾക്കായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) ഹ്രസ്വകാല പ്രവചനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ ഇത് പലപ്പോഴും നിശ്ചിത ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ലഭ്യമാകുന്നത് എന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിലുള്ള മുൻകരുതലുകൾ എടുക്കുന്നതിന് പരിമിതികളുണ്ടായിരുന്നു.
ഈ പോരായ്മ പരിഹരിക്കാനാണ് ‘എക്സ്റ്റെൻഡഡ് റേഞ്ച് പ്രഡിക്‌ഷൻ’ (Extended Range Prediction) എന്ന പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഹിമാലയൻ താഴ്വരകൾ ഉൾപ്പെടെയുള്ള അതീവ ജാഗ്രത വേണ്ട മേഖലകളിൽ പ്രളയ ഭീഷണി മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധ കവചമൊരുക്കാൻ ഇതിലൂടെ സാധിക്കും.
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം ഗംഗ, ബ്രഹ്മപുത്ര, ഗോദാവരി നദീതടങ്ങളിലെ 94 സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സാങ്കേതികവിദ്യ നടപ്പിലാക്കിയിരുന്നു. ഇതിൽ 31 സ്റ്റേഷനുകളിലും 75 ശതമാനത്തിലധികം കൃത്യതയോടെ പ്രളയ സാധ്യത പ്രവചിക്കാൻ കഴിഞ്ഞുവെന്നത് വലിയ വിജയമായാണ് കണക്കാക്കുന്നത്.
കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള മഴയുടെ അളവ് സംബന്ധിച്ച വിവരങ്ങൾ കൂടി എഐ സാങ്കേതിക വിദ്യയുമായി സംയോജിപ്പിക്കുന്നതോടെ മിന്നൽ പ്രളയങ്ങളുടെ ഗതിയും പ്രഹരശേഷിയും കൃത്യമായി നിർണ്ണയിക്കാൻ കഴിയുന്നതാണ് ഈ പദ്ധതിയുട പ്രത്യേകത.
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ഈ പദ്ധതി വലിയ ആശ്വാസമാകും. കാലാവസ്ഥാ വ്യതിയാനം മൂലം മലയോര മേഖലകളിലും നദീതീരങ്ങളിലും മിന്നൽ പ്രളയങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ, നാലാഴ്ചത്തെ മുൻകൂർ മുന്നറിയിപ്പ് ലഭിക്കുന്നത് കൃഷിനാശം കുറയ്ക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കും.
പ്രളയ സാധ്യതയുള്ള പ്രദേശങ്ങളെ പ്രത്യേകമായി തരംതിരിച്ച് മാപ്പുകൾ തയ്യാറാക്കുന്നതിലൂടെ പ്രാദേശിക ഭരണകൂടങ്ങൾക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം.







