
കൽപ്പറ്റ നഗരസഭാ പരിധിയിൽ സർവീസ് നടത്തുന്ന ഹാൾട്ടിങ് പെർമിറ്റിനുള്ള ഓട്ടോറിക്ഷകളുടെ രജിസ്ട്രേഷൻ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധനയും രജിസ്ട്രേഷനും നടത്തുന്നത്. ആദ്യദിനം ഒന്ന് മുതൽ 300 വരെയുള്ള നമ്പറുകളിലുള്ള വാഹനങ്ങളാണ് പരിശോധിച്ച് രജിസ്റ്റർ ചെയ്തത്. വാഹനങ്ങളുടെ രേഖകൾ, ഉടമസ്ഥാവകാശം, വാഹനത്തിന്റെ വിവരങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ഒക്ടോബർ 29 ന് 301 മുതൽ 600 വരെയുള്ള വാഹനങ്ങളുടെ രജിസ്ട്രേഷനും തുടർന്ന് 30 ന് 601 മുതൽ 900 വരെയുള്ള വാഹനങ്ങളുടെയും ശേഷിക്കുന്ന വാഹനങ്ങളുടെയും രജിസ്ട്രേഷനും ഘട്ടംഘട്ടമായി പൂർത്തിയാക്കും. നഗരസഭാ പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളെ കൃത്യമായി തിരിച്ചറിയുക, അവയുടെ ഹാൾട്ടിങ് സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുക, നഗരസഭാ പരിധിയിൽ സർവീസ് നടത്താൻ അനുമതിയുള്ള വാഹനങ്ങളുടെ വിവരങ്ങൾ ഉറപ്പാക്കുക എന്നിവയാണ് നടപടിയുടെ ലക്ഷ്യം.








