
കൽപ്പറ്റ: കൃഷി-ആരോഗ്യ മേഖലകളിൽ തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും ആരോഗ്യസംരക്ഷണത്തിന് വിഷരഹിത ഭക്ഷ്യോത്പാദനത്തിന് പ്രാധാന്യം നൽകണമെന്നും കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് വകുപ്പ് രണ്ടുവർഷത്തെ റോഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്ന കുടുംബാരോഗ്യകേന്ദ്രത്തിലെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യ വസ്തുക്കളിലെ കീടനാശിനി സാന്നിധ്യവും മായവും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ വീടുകളിൽ ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ ഓരോരുത്തരും തയ്യാറാകണം. മണ്ണുപരിശോധന നടത്തി പോഷകക്കുറവ് കണ്ടെത്തി ജൈവവളങ്ങൾ ഉപയോഗിച്ചുള്ള കൃഷി പ്രോത്സാഹിപ്പിക്കണം. ജീവിതശൈലീ രോഗങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് സംസ്ഥാന സർക്കാരിന്റെയും തദ്ദേശസ്ഥാപനത്തിന്റെയും പിന്തുണയോടെ വിവിധ പദ്ധതികൾ നടപ്പാക്കും. സെൻട്രൽ ഗ്രാന്റിൽ ഉൾപ്പെടുത്തി 1.43 കോടി രൂപയും എം.എൽ.എ ഫണ്ടിൽ നിന്ന് പത്തുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായുള്ള വികസനത്തിലൂടെ സ്ഥാപനത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത അധ്യക്ഷയായ പരിപാടിയിൽ വൈസ് പ്രസിഡന്റ് ഇ.സി അജീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. സുനിൽകുമാർ, നസീമ ടീച്ചർ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലീലാമ്മ ജോസഫ്, ഇ.ആർ പുഷ്പ, പി.പി രനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ജി ജെനിമോൾ, സലാം നീലിക്കണ്ടി, പഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, കോട്ടത്തറ മെഡിക്കൽ ഓഫീസർ ഡോ. സുനന്ദ് കുമാർ, വാർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.








