
മാനന്തവാടി കേരളത്തിന്റെ മുഖമുദ്രയായ മതേതരത്വവും മതസൗഹാർദവും ആർഎസ്എസിന് അടിയറ വെക്കുന്ന രീതിയിലാണ് യുഡിഎഫ് നയിക്കുന്ന വി ഡി സതീശൻ സർക്കാരിന്റെ ഭരണം എന്ന് കേരള കോൺഗ്രസ് ബി വയനാട് ജില്ലാ കമ്മിറ്റി കാട്ടിക്കുളത്ത് നടത്തിയ രാഷ്ട്രീയ വിശദീകരണയോഗം അഭിപ്രായപ്പെട്ടു.എൽഡിഎഫ് ഗവൺമെന്റ് സംസ്ഥാനത്ത് കൊണ്ടുവന്ന വികസനവും പുരോഗതിയും ലോകം ചർച്ച ചെയ്തതാണ്.അതെല്ലാം തകർക്കുന്ന ഭരണമാണ് വി ഡി സതീശൻ സർക്കാരിന്റെത്.നാടിന്റെ വികസനം ആറുമാസം കൊണ്ട് 60 വർഷം പിന്നോട്ടടിക്കുകയാണ്.ആരോഗ്യം,വിദ്യാഭ്യാസം, തൊഴിൽ,കാർഷികം,റോഡ് വികസനം,പാർപ്പിടം, വൈദ്യുതി എന്നീ രംഗങ്ങളിലെല്ലാം കേരളം രാജ്യത്തിന് മാതൃകയായിരുന്നു.ഇതെല്ലാം തകർക്കുകയാണ് യുഡിഎഫ് സർക്കാർ.
അഴിമതിയും സ്വജനപക്ഷപാതവും ആണ് യുഡിഎഫ് സർക്കാരിന്റെ മുഖമുദ്ര.സരൾ ബില്ലിലൂടെയും മാരിടൈൻ ബില്ലിലൂടെയും കേരളത്തിന്റെ മണ്ണും വയലും കടലും കായലും കോർപ്പറേറ്റ് കൊള്ളക്കാർക്ക് തീറെഴുതി കൊടുക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. പുതിയ നിക്ഷേപങ്ങളുടെയും ബിസിനസുകളുടെയും പേര് പറഞ്ഞ് നമ്മുടെ നാടും കാടും കടലും തീരവും എല്ലാം വിറ്റു തുലയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മിഷൻ സമുദ്ര പദ്ധതിലൂടെ കേരളത്തിന്റെ കടലോരം അദാനിക്ക് വിറ്റു കാശാക്കുകയാണ് വി ഡി സതീശന്റെ ലക്ഷ്യം. ഇത്തരം കരി നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ബി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

എൽഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ ആർ ജയരാജ് അധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റി അംഗം കെ പി ശശികുമാർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി അനിൽകുമാർ വള്ളുവക്കണ്ടി വനിതാ കോൺഗ്രസ് ബി ജില്ലാ പ്രസിഡണ്ട് ഷൈജ മഗേഷ് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് സി ആർ പ്രദീപ് കർഷക കോൺഗ്രസ് ബി ജില്ലാ പ്രസിഡണ്ട് രാമചന്ദ്രൻ പുൽപ്പള്ളി പാർട്ടി ജില്ലാ കമ്മിറ്റി ഭാരവാഹികളായ കെ ജി അരുൺ ടി കെ വിശ്വംഭരൻ വിജയൻ പാലക്കുഴി ഗോപാലകൃഷ്ണൻ കാട്ടിക്കുളം എന്നിവർ സംസാരിച്ചു.
ഫോട്ടോ കേരള കോൺഗ്രസ് ബി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടിക്കുളം ടൗണിൽ നടത്തിയ എൽഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ ഒ ആർ കേളു ഉദ്ഘാടനം ചെയ്യുന്നു








