
മുട്ടിൽ ഡബ്ല്യു.ഒ.എച്ച്.എസ്.എസിൽ നടക്കുന്ന കൗമാര കലാ മാമാങ്കത്തിൽ തുടർ വിജയങ്ങൾ കരസ്ഥമാക്കി മാനന്തവാടി ജി.വി.എച്ച്.എസ്.എസ്. കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം മംഗലംകളിയിൽ ഒന്നാം സ്ഥാനം നേടിയാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് സംസ്ഥാനതല മത്സരത്തിന് അർഹത നേടിയത്. വടക്കൻ കേരളത്തിലെ മാവിലൻ, മലവേട്ടുവൻ ഗോത്രസമൂഹങ്ങളുടെ വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുന്ന തനത് സംഗീത-നൃത്ത രൂപമാണ് മംഗലംകളി. പ്രധാനമായും കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ പ്രചാരത്തിലുള്ള ഈ കലാരൂപം ഗോത്ര പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും സവിശേഷമായ ആവിഷ്‌കാരമാണ്. തനിമയാർന്ന ചുവടുകളും താളവും സംഗീതവും കോർത്തിണക്കിയ അവതരണമാണ് മത്സരത്തിൽ ടീമിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ആര്യ, അശ്വനി, അഹന്യ, വൈശാഖി, പ്രവീണ, അളകനന്ദ, അനീഷ, കൃഷ്ണപ്രിയ, സഞ്ജയ്, അപ്പു, മായ, അഭിജിത്ത് എന്നിവരടങ്ങിയ 12 വിദ്യാർത്ഥികളാണ് നേട്ടം കൈവരിച്ചത്.








