
45-ാ മത് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം കഥകളി മത്സരത്തിൽ മാനന്തവാടി എം.ജി.എം എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ ഒന്നാമതെത്തി. എച്ച്.എസ്.എസ് വിഭാഗത്തിൽ പ്ലസ് ടു വിദ്യാർഥിനി ഏഞ്ചലീന കുര്യനും എച്ച്.എസ് വിഭാഗത്തിൽ പത്താം ക്ലാസ് വിദ്യാർഥിനി ആവണി ശങ്കറുമാണ് സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടിയത്. കലാമണ്ഡലം അരവിന്ദ് മാഷിന്റെ കീഴിലാണ് ഏഞ്ചലീന മൂന്ന് വർഷമായി കഥകളി അഭ്യസിക്കുന്നത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലും കഴിഞ്ഞ വർഷങ്ങളിൽ ഏഞ്ചലീന കഴിവ് തെളിയിച്ചിട്ടുണ്ട്. ജിൻസി – ഷിബു പോൾ ദമ്പതികളുടെ മകളാണ്.
ജില്ലാ കലോത്സവത്തിൽ കഥകളി മത്സരത്തിൽ ആദ്യമായാണ് ആവണി പങ്കെടുക്കുന്നത്. ആദ്യ പ്രകടനത്തിൽ ഒന്നാമതായ സന്തോഷത്തിലാണ് ആവണി. യുകെജി മുതൽ ഭരതനാട്യം, കുച്ചിപ്പുടിയിൽ അഭ്യസിക്കുന്ന ആവണി കലാമണ്ഡലം അരവിന്ദ് മാഷിന്റെ കീഴിലാണ് കഥകളി പരിശീലിക്കുന്നത്. തുടർച്ചയായ രണ്ടാം വർഷമാണ് ആവണി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച് സംസ്ഥാനതലത്തിലും നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഏഞ്ചലീനയും ആവണിയും. പരിശീലനത്തിനും കലാപ്രയാണത്തിനും സ്‌കൂൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും പ്രോത്സാഹനവും ഇവർക്ക് കരുത്താകുന്നു.









