
ജില്ലാ സ്‌കൂൾ കലോത്സവത്തിൽ പരിചമുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ദ്വാരക സേക്രഡ് ഹാർട്ട് സ്‌കൂൾ സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടി. കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളിലൊന്നായ പരിചമുട്ട് ആദ്യമായാണ് മത്സര വേദിയിൽ അവതരിപ്പിക്കുന്നതെന്ന് മത്സരാർത്ഥി ബ്രിട്ടോ ബെനഡിക്ട് പറഞ്ഞു. വാളും പരിചയും ഉപയോഗിച്ച് യുദ്ധമുറകളുടെ ചുവടുകളും താളവും സമന്വയിപ്പിച്ചാണ് കലാരൂപം അവതരിപ്പിക്കുന്നത്. ധൈര്യം, കായികക്ഷമത, ഐക്യം, താളബോധം എന്നിവയുടെ മനോഹരമായ ആവിഷ്‌കാരം കൂടിയാണ് പരിചമുട്ട്. വിദ്യാർത്ഥികൾ നൂറുശതമാനം ആത്മാർത്ഥത പുലർത്തിയെന്ന് അധ്യാപകനായ ഫാദർ ബെന്നി ജോർജു പറഞ്ഞു. സുനിൽ അബ്രഹാമിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികൾ പരിശീലനം നേടിയത്. അകിഫ് ഫൈസി മുഹമ്മദ് അലി, ബ്രിട്ടോ ബെനഡിക്ട്, അനന്തകൃഷ്ണ, ഡിവിൻ ജോ, ബാസിം അബ്ദുള്ള, നെസ്വിൻ ജോസഫ്, അർണവ് കൃഷ്ണ, മുഹമ്മദ് നിഹാൽ എന്നിവരാണ് ടീമംഗങ്ങൾ. സംസ്ഥാന കലോത്സവ വേദിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ആവേശത്തിലാണ് വിദ്യാർഥികൾ.








