
കലോത്സവ വേദികളിൽ ഓരോ തവണയും കഴിവ് തെളിയിച്ച് മുന്നേറുകയാണ് കല്ലോടി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ടി.എസ് അവന്തിക. 45-ാം മത് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയാണ് അവന്തിക സംസ്ഥാന സ്‌കൂൾ കലോത്സവത്തിലേക്ക് യോഗ്യത നേടിയത്. മുൻവർഷങ്ങളിലെ സംസ്ഥാനതല മത്സരത്തിൽ മികവ് തെളിയിച്ചിട്ടുള്ള അവന്തികക്ക് കലോത്സവ വേദികൾ പുതുമയുള്ളതല്ല. 2025 ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടിയിരുന്നു. തുടർച്ചയായ രണ്ട് തവണ കേരളനടനത്തിൽ എ ഗ്രേഡ് സ്വന്തമാക്കി. ഇത്തവണ മോഹിനിയാട്ടത്തിലെ വിജയത്തിനൊപ്പം മോണോആക്ടിലും എ ഗ്രേഡ് നേടിയതോടെ വിവിധ കലാ മേഖലയിലെ കഴിവ് തെളിയിച്ചിരിക്കുകയാണ് അവന്തിക. മോഹിനിയാട്ടത്തിന്റെ ചാരുതയും ഭാവാഭിനയവും ചുവടുകളിൽ മനോഹരമായി സമന്വയിപ്പിക്കാൻ അവന്തികയ്ക്ക് കഴിയുന്നുണ്ട്. ആഷിഷ് പയ്യന്നൂരാണ് അവന്തികയുടെ കലാപരിശീലകൻ. പി ശ്രീജിത്തിന്റെയും ടി അർച്ചനയുടെയും മകളാണ് അവന്തിക. പഠനത്തോടൊപ്പം കലാപരിശീലനം മുന്നോട്ടുകൊണ്ടുപോകുന്ന അവന്തികയുടെ അടുത്ത ലക്ഷ്യം സംസ്ഥാന കലോത്സവ വേദിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ്. ജില്ലാ വേദിയിലെ ഒന്നാം സ്ഥാനത്തിന്റെ ആത്മവിശ്വാസവുമായി സംസ്ഥാന വേദിയിലേക്ക് ചുവടുവെക്കുമ്പോൾ അവന്തികയുടെ കലായാത്രയിൽ പ്രതീക്ഷകൾ ഏറെയാണ്..








