
സുൽത്താൻ ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ ഡിസംബർ 18 നടക്കുന്ന സുൽത്താൻ ബത്തേരി ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ നിർവഹിച്ചു. ആദിവാസി ഗോത്രസമൂഹത്തെ ഇതിവൃത്തമാക്കി വിപുലമായ സാംസ്കാരിക മേളയാണ് 20 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ചുള്ളിയോട് റോഡിലെ ബൈപ്പാസിന് സമീപമുള്ള 10 ഏക്കർ സ്ഥലമാണ് പ്രധാന വേദി. ജനുവരി രണ്ട്, മൂന്ന്, നാല്, തീയതികളിൽ ലിറ്ററേച്ചർ ഫെസ്റ്റിവലും അഞ്ചിന് നാടക ചർച്ചയും ആറ്, ഏഴ്, എട്ട് തീയതികളിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയും നടക്കും. വിവിധ അതിഥികളും സെലിബ്രിറ്റികളും പങ്കെടുക്കുന്ന കലാപരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. ഫെസ്റ്റിവൽ ദിനങ്ങളിൽ ദസറയുടെ മാതൃകയിൽ റോഡിന്റെ ഇരുവശങ്ങളിലും ദീപാലങ്കാരങ്ങൾ ഒരുക്കി നഗരത്തെ ആഘോഷവേദിയാക്കും.
നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ, ഡെപ്യൂട്ടി ചെയർപേഴ്സൺ എം.ജി ഇന്ദ്രജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. സംഷാദ്, ലീലാ പൽപാത്ത്, കെ. ഷിഫാനത്ത്, ഷെറീന അബ്ദുള്ള, കെ.എസ് പ്രമോദ്, കൗൺസിലർമാരായ രാധാ രവീന്ദ്രൻ, എം.എസ് വിശ്വനാഥൻ, കെ. മൊയ്തു, ആസൂത്രണ സമിതി അംഗങ്ങൾ, നഗരസഭ സെക്രട്ടറി, ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെയും ചലച്ചിത്രമേളയുടെയും ഡയറക്ടർ എം.കെ രാമദാസ്, എ.ഡി.എസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു.









