
കോട്ടത്തറ: ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ്. കോട്ടത്തറയിലെ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൃദയാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. പരിപാടി പ്രധാനാധ്യാപിക രജനി പി. എം. ഉദ്ഘാടനം ചെയ്തു.
വിമുക്തി കോർഡിനേറ്റർ ഷീജ രത്നം, സീനിയർ അധ്യാപിക വിജിഷ തുടങ്ങിയവർ ആശംസകൾ നേർന്നു. ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നതിന് ചിട്ടയായ വ്യായാമം, പോഷകസമൃദ്ധമായ ഭക്ഷണം, മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകൽ, പുകവലി ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കൽ തുടങ്ങിയ ശീലങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം പരിപാടിയിൽ വിശദീകരിച്ചു.
വിദ്യാർഥികളിൽ ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ചെറുപ്പത്തിലേ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനും പരിപാടി ആഹ്വാനം ചെയ്തു. തുടർന്ന് ലോക ഹൃദയാരോഗ്യ ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ചൊല്ലി. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാനും ലഹരിവസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കാനും പ്രതിജ്ഞയിൽ ആഹ്വാനം ചെയ്തു.അധ്യാപകരും വിദ്യാർഥികളും വിമുക്തി ക്ലബ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.









