
മലയാളികളുടെ നെല്ലച്ഛനായ പത്മശ്രീ ചെറുവയൽ രാമന് നാടിന്റെ അന്ത്യാഞ്ജലി. കമ്മന നവോദയം എൽ.പി സ്കൂൾ അങ്കണത്തിൽ നടന്ന പൊതുദർശനത്തിൽ ആയിരങ്ങളുടെ ആദരാഞ്ജലികൾ ഏറ്റുവാങ്ങിയാണ് നെൽവിത്തുകളുടെ സംരക്ഷകൻ വിടവാങ്ങിയത്. പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും പരിസ്ഥിതി സ്നേഹിയുമായിരുന്ന ചെറുകര രാമൻ എന്ന ചെറുവയൽ രാമേട്ടൻ ഇനി ഓർമ്മകളിൽ നാമ്പിടും. ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുവയൽ രാമൻ ഒക്ടോബർ 14 വൈകിട്ട് 3.30 ഓടെയാണ് അന്തരിച്ചത്. രാമേട്ടന്റെ ജീവിതം സ്വാഭാവിക പ്രകൃതി പാഠമാണ്. പരമ്പരാഗത നെൽ വിത്തുകളുടെ സൂക്ഷിപ്പുകാരനായ ചെറുവയൽ രാമൻ 45 ഇനം നെല്ല് വിത്തുകളാണ് കൃഷി ചെയ്ത് സംരക്ഷിക്കുന്നത്. ചെന്നെല്ല്, ഗന്ധകശാല, മുല്ലൻപുഞ്ച ഉൾപ്പെടെ അപൂർവ്വ നാടൻ നെൽവിത്തുകൾ സംരക്ഷിച്ച് കാർഷിക പാരമ്പര്യത്തെ അദ്ദേഹം സംരക്ഷിച്ചുപോന്നു. പരമ്പരാഗത അറിവുകളാൽ മണ്ണിൽ പൊന്ന് വിളയിച്ചാണ് നാടിന്റെ പത്മശ്രീ വിടവാങ്ങിയത്.








