
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ( ഇ എൽ സി) മുഖേന കോളേജ്, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ രചനാ മത്സരങ്ങളിലെ ജില്ലാതല വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ കളക്ടർ വി. ചെൽസാസിനി വിതരണം ചെയ്തു.
വിദ്യാർത്ഥികൾ സമൂഹത്തിലെ പ്രശ്നങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയും അതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനായി മുന്നോട്ട് വരികയും വേണമെന്ന് കളക്ടർ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്ന വിഷയങ്ങളിൽ സാധ്യമായ എല്ലാ പരിഹാരങ്ങളും നടപ്പിലാക്കുമെന്നും കലക്ടർ പറഞ്ഞു.
ജില്ലാതല ഉപന്യാസ രചനാ മത്സരത്തിൽ പുൽപ്പള്ളി വിജയ എച്ച്.എസ്.എസിലെ എം.എസ്. ദേവനന്ദ ഒന്നാം സ്ഥാനം നേടി. കല്ലോടി സെന്റ് ജോസഫ് എച്ച്.എസ്.എസിലെ എസ്.പി. ഷിയ, ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസിലെ നിതാര സാബു എന്നിവർ രണ്ടാം സ്ഥാനവും നേടി. കോളേജ് വിഭാഗത്തിൽ ബത്തേരി സെന്റ് മേരീസ് കോളേജിലെ കെ. ബഹീജ് അംജാദ് ഒന്നാം സ്ഥാനവും പൂമല സി.പി.ജി.എസ്.എസ്.ഡബ്ല്യുവിലെ ഐലിൻ മരിയ അബി രണ്ടാം സ്ഥാനവും നേടി.

ജില്ലാതല ക്വിസ് മത്സരത്തിൽ പനമരം ജി.എച്ച്.എസ്.എസിലെ അമ്റിൻ ഫസാൻ, തരിയോട് ജി.എച്ച്.എസ്.എസിലെ പി. കീർത്തന എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാനന്തവാടി ജി വി എച്ച് എസ് എസിലെ മാർട്ടിൻ തോമസ് രണ്ടാം സ്ഥാനവും നേടി. കോളേജ് വിഭാഗത്തിൽ ബത്തേരി സെന്റ് മേരീസ് കോളേജിലെ സി. ഹിബാൻ ഒന്നാം സ്ഥാനവും മാനന്തവാടി കെ.യു.സി.യിലെ ടി. ആദിൽ രണ്ടാം സ്ഥാനവും നേടി. നിയോജക മണ്ഡലതലങ്ങളിൽ 210 വിദ്യാർത്ഥികളും ജില്ലാതലത്തിൽ 60 വിദ്യാർത്ഥികളും മത്സരങ്ങളിൽ പങ്കെടുത്തു. ജില്ലാതലത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി. ബിജു അധ്യക്ഷനായി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായ കെ. മനോജ് കുമാർ, സുരേഷ് ബാബു, ഡെപ്യൂട്ടി കളക്ടർ ജയശ്രീ വാര്യർ, ജില്ലാ സ്വീപ്പ് നോഡൽ ഓഫീസർ പി.യു. സിതാര, ഇ.എൽ.സി. ജില്ലാ കോ ഓർഡിനേറ്റർ സിനീഷ് ജോസഫ്, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.








