
മാനന്തവാടി: ‘വയനാടിൻ്റെ ലോകകപ്പ്’ എന്നറിയപ്പെടുന്ന മാനന്തവാടി ഉദയ ഫുട്ബോൾ ടൂർണമെൻ്റ് സീസൺ 21-ൻ്റെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെൻ്റ് 2027 ജനുവരി 22 മുതൽ ഫെബ്രുവരി 7 വരെ മാനന്തവാടി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടക്കും.മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ഹാളിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കമ്മന മോഹനൻ അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ഫ്രാൻസിസ്, എ.എൻ. നിഷാന്ത്, പ്രിൻസ് അബ്രാഹം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.കേരളത്തിലെ മികച്ച ഫുട്ബോൾ ക്ലബുകളെയും താരങ്ങളെയും അണിനിരത്തി നടത്തുന്ന ടൂർണമെൻ്റിലേക്ക് ടിക്കറ്റോ പാസോ ഇല്ലാതെ എല്ലാവർക്കും സൗജന്യമായി പ്രവേശിക്കാം. നിരവധി രോഗികളെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചേർത്തുനിർത്തുന്ന ടൂർണമെൻ്റിൽ ‘അക്ഷരം സാന്ത്വനം’ പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ചാരിറ്റി സഹായവും നൽകും. മലയാളി വ്യവസായിയും കർണ്ണാടകയിലെ റിഷി ഗ്രൂപ്പ് ചെയർമാനുമായ ജോസഫ് ഫ്രാൻസിസ് വടക്കേടത്താണ് ടൂർണമെൻ്റിൻ്റെ മുഖ്യ സ്പോൺസർ. മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങളും വിവിധ ഫുട്ബോൾ ക്ലബുകളും ടൂർണമെൻ്റുമായി സഹകരിക്കും.ഭാരവാഹികൾ: മഷൂദ് ജിഞ്ചർ (ചെയർമാൻ), എ.എൻ. നിഷാന്ത്, ബാബു ഫിലിപ്പ് കുടക്കച്ചിറ (വൈസ് ചെയർമാൻമാർ), കമ്മന മോഹനൻ (കോഡിനേറ്റർ), ഷാജി തോമസ് (ജനറൽ കൺവീനർ). പ്രിൻസ് അബ്രാഹം, പ്രിൻസ് സി.സി, ലാജി ജോൺ, മഹേഷ് പി.വി, അനിൽകുമാർ എൻ.വി, മൻസൂർ തലപ്പുഴ, പി.കെ. രാജൻ, അലക്സ് കൽപ്പകവാടി, അസീസ് വാളാട് തുടങ്ങിയവർ ഉൾപ്പെടെ 51 അംഗ കമ്മിറ്റി ടൂർണമെൻ്റിന് നേതൃത്വം നൽകും.








