പത്മപ്രഭാ സ്മാരകപുരസ്കാരം ആർ. രാജശ്രീക്ക് സമ്മാനിച്ചു

  • General
  • September 26, 2026
  • 0 Comments

 

 

കൽപറ്റ വ്യത്യസ്തമായ ഭാവുകത്വവും ശൈലിയും സമന്വയിപ്പിച്ച് മലയാള സാഹിത്യത്തിൽ അതിവേഗം സ്വയം അടയാളപ്പെടുത്തിയ എഴുത്തുകാരി ആർ. രാജശ്രീക്ക് പത്മപ്രഭാ സ്മാരകപുരസ്കാരം സമ്മാനിച്ചു. പുളിയാർമല കൃഷ്ണഗൗഡർ ഹാളിലെ ചടങ്ങിൽ ശശി തരൂർ എം.പിയാണ് 75000 രൂപയും പത്മരാഗക്കല്ലും പതിച്ച ഫലകവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം സമ്മാനിച്ചത്.
എം.കെ. പത്മപ്രഭാ ഗൗഡരും ആർ. രാജശ്രീയും മുന്നോട്ടുവയ്ക്കുന്ന ആശയം ഒന്നു തന്നെയാണെന്ന് ശശി തരൂർ എം.പി. പറഞ്ഞു. വായനയിലൂടെ ലോകത്തെ അറിഞ്ഞയാളാണ് പത്മപ്രഭാ ഗൗഡർ. സോഷ്യലിസം അദ്ദേഹത്തിന് ഒരു മുദ്രാവാക്യമോ ഐഡിയോളജിയോ മാത്രമായിരുന്നില്ല, മറിച്ച് മനുഷ്യരെ കാണാനുള്ള രീതിയായിരുന്നു. തോട്ടം തൊഴിലാളികൾക്കൊപ്പം നിന്ന് അവരുടെ ഓരോ ആവശ്യത്തിനുംവേണ്ടി വാദിച്ചു. ഭൂമിയില്ലാത്ത കർഷകർക്കൊപ്പം നിലകൊണ്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ നൂൽപ്പുഴ സമരമൊക്കെ പ്രസിദ്ധമാണ്. ഒരു മനുഷ്യനും അധികമല്ലെന്നും എല്ലാവരും അത്യാവശ്യമുള്ളവരുമാണെന്നുമാണ് പത്മപ്രഭാ ഗൗഡർ സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊടുത്തത്. രാജശ്രീയും അവരുടെ എഴുത്തുകളും പറയുന്നതും ഇതുതന്നെയാണ്. മലയാളം പഠിപ്പിക്കുന്നവർ എഴുതുമ്പോൾ അത് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. പുസ്തകപ്രേമിയായിരുന്ന പത്മപ്രഭാ ഗൗഡരുടെ പേരിലേർപ്പെടുത്തിയ പുരസ്കാരം അർഹമായ കൈകളിലേക്കാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 

എഴുത്തിൽ പൂർവ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ആളാണ് താനെന്ന് പുരസ്കാരം സ്വീകരിച്ച ആർ. രാജശ്രീ പറഞ്ഞു. ആത്മവിശ്വാസം കുറവായ ഞാൻ ആദ്യനോവലായ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ’ ഫേസ്ബുക്കിലാണ് എഴുതി തുടങ്ങിയത്. ദശരഥന്റെ തേരിന്റെ ചക്രം ഇളകിപ്പോയപ്പോൾ കൈകേയി അവിടെയൊരു വിരൽ വെച്ചിട്ട് ആ ചക്രം ഫിറ്റ് ചെയ്തു കൊടുത്തതുപോലെ ഇളകിത്തെറിച്ചു പോകാൻ പോയ എന്റെ ആത്മവിശ്വാസമെന്ന രഥചക്രങ്ങൾക്കിടയിലേക്കാണ് മാതൃഭൂമി അവരുടെ വിരൽ വയ്ക്കുന്നത്. അത് ഞാൻ ജീവിക്കുന്ന സമൂഹത്തിൽ നിന്ന് എനിക്ക് കിട്ടിയിട്ടുള്ള പിന്തുണയായിരുന്നുവെന്നും അവർ പറഞ്ഞു.
പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയർമാൻ എം.വി. ശ്രേയാംസ്കുമാർ അധ്യക്ഷത വഹിച്ചു. മുപ്പതുവർഷമായി നൽകിവരുന്ന പുരസ്കാര സമർപ്പണത്തിനു വയനാട്ടിലെ ജനങ്ങളുടെ വലിയ സഹകരണമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിൽ തന്നെ സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെപ്പിടിച്ച് സാധാരണക്കാരുടെ അവകാശങ്ങൾക്കായി പത്മപ്രഭാ ഗൗഡർ പോരാടി. എട്ടാം ക്ലാസ് വരെ മാത്രമാണ് പഠിച്ചതെങ്കിൽക്കൂടി വലിയ വായനാശീലമുണ്ടായിരുന്ന അദ്ദേഹത്തിന്. തത്വശാസ്ത്രത്തില് വലിയ ഗ്രാഹ്യമുണ്ടായിരുന്ന പദ്മപ്രഭാ ഗൗഡർ ഓരോ മനുഷ്യനും ഒരു പ്രപഞ്ചമാണെന്ന തത്വശാസ്ത്രം മകനായ എം.പി. വീരേന്ദ്രകുമാറിന് പകർന്നു നൽകിയ അനുഭവവും അദ്ദേഹം പങ്കുവച്ചു.

മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ അനുഗ്രഹപ്രഭാഷണം നടത്തി. കുടുംബത്തിലെ ഉത്സവം എന്ന രീതിയിലാണ് പത്മപ്രഭാ സ്മാരപുരസ്കാരത്തെ കാണുന്നതെന്നു പറഞ്ഞ അദ്ദേഹം പ്രഥമ പത്മപ്രഭാ പുരസ്കാര സമർപ്പണത്തിനുള്ള പത്മരാഗക്കല്ല് ഡൽഹിയിൽനിന്നു വാങ്ങിയ കാര്യവും എം.പി. വീരേന്ദ്രകുമാറിനൊപ്പം ചെലവഴിച്ച മുഹൂർത്തങ്ങളും അനുസ്മരിച്ചു. മാതൃഭൂമി ഡയറക്ടർ എം.കെ. ജിനചന്ദ്രൻ പുരസ്കാര ജേതാവിനെ പൊന്നാടയണിയിച്ചു. എഴുത്തുകാരായ എസ്. സിതാര, ഒ.കെ. ജോണി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി.കെ. സുധീർ സ്വാഗതവും ജനറൽ കൺവീനർ ഡോ. കെ.ടി. അഷ്റഫ് നന്ദിയും പറഞ്ഞു.

ഒന്നായി നിന്ന് ഫാഷിസത്തെ തോല്പിക്കണം – ആലങ്കോട് ലീലാകൃഷ്ണന്
കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ പത്മപ്രഭാ സ്മാരകപ്രഭാഷണം നടത്തി. ഇന്ത്യയിലെ കോൺഗ്രസുകാരും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഒന്നായി ഒരു മഹത്തായ ജനാധിപത്യ പ്രസ്ഥാനം ഉണ്ടായി ഇന്ത്യൻ ഫാസിസത്തെ തോൽപ്പിക്കുന്ന സ്വപ്നമാണ് നമുക്കുണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വലിയ സമ്പത്തുണ്ടായിരുന്ന എല്ലാം വേണ്ടെന്നുവെച്ച് പാവങ്ങളുടെ കൂടെ നിൽക്കുക എന്നത് ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമാണ്. സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലും ആദ്യകാലത്ത് വന്നവർ അതിസമ്പന്നന്മാരായിരുന്നു. മോത്തിലാൽ നെഹ്‌റു, ജവാഹർലാൽ നെഹ്‌റു, മഹാത്മാഗാന്ധി, പത്മപ്രഭ ഗൗഡർ, ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കൾ എന്നിവർ അവരവർക്കുള്ളതൊക്കെ വേണ്ടെന്നുവച്ച് പാവപ്പെട്ടവരുടെ കൂടെ നിന്നു. ഇന്ന് പക്ഷെ രാഷ്ട്രീയം മാറി. ഒന്നുമില്ലാത്തവരായി രാഷ്ട്രീയത്തിലിറങ്ങി ശതകോടീശ്വരന്മാരായ രാഷ്ട്രീയ നേതാക്കന്മാരെ ഇന്ന് നമുക്കറിയാം. ആ ഗണത്തിൽ പത്മപ്രഭയെ കൂട്ടാൻ കഴിയില്ല. പരിമിതമായത് മാത്രം സ്വീകരിക്കുകയെന്ന അർഥം വരുന്ന ‘പരിമിത പരിഗ്രഹ’ ജൈന തത്ത്വശാസ്ത്രലധിഷ്ഠിതമായി ജീവിച്ച മഹാനുഭാവനായിരുന്നു അദ്ദേഹം. ജാതിമത വർണവർഗ ആദിവാസി എന്നോ കുടിയേറ്റക്കാരനെന്നോ ഭേദമില്ലാതെ തന്റെ സമ്പത്ത് പാവപ്പെട്ടവർക്ക് വേണ്ടി ചെലവഴിച്ചു. എന്തുകൊണ്ട് പത്മപ്രഭാ ഗൗഡർ സോഷ്യലിസ്റ്റായി എന്നതിനുത്തരം അദ്ദേഹത്തിന്റെ ജീവിതമാണ്. പത്മപ്രഭയെപ്പോലെ ഉദാരപുരുഷനായ ഒരു ചരിത്രപുരുഷന്റെ പേരിട്ടുള്ള പുരസ്കാരം ആർ. രാജശ്രീയ്ക്ക് സമ്മാനിക്കുന്ന നിമിഷത്തിൽ സാക്ഷിയാകാൻ കഴിഞ്ഞതിൽ അനല്പമായ ചാരിതാർഥ്യമുണ്ട്. പത്മപ്രഭയുടെ മതവും അദ്ദേഹത്തിന്റെ മകൻ എം.പി. വീരേന്ദ്രകുമാറിന്റെയു മതവും സ്നേഹത്തിന്റേതായിരുന്നു. ആ മതമാണ് പൗത്രനായ എം.വി. ശ്രേയാംസ്കുമാറും പത്മപ്രഭാ സ്മാരക ട്രസ്റ്റും കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  • More to Read

    വയനാട് സമ്പൂർണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയാകുന്നു*
    • September 26, 2026

      ജില്ലയെ സമ്പൂർണ്ണ ഇലക്ട്രോണിക് മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇ- മാലിന്യ ശേഖരണ യജ്ഞം സംഘടിപ്പിക്കുമെന്ന് ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. ജില്ലയെ മാലിന്യ സംസ്‌കരണത്തിൽ മാതൃകയാക്കുകയാണ് ലക്ഷ്യം. ജില്ലയെ മാതൃകാപരമായി മുൻപന്തിയിലെത്തിക്കുന്നതിന്റെ ആദ്യ…

    Continue reading
    ലഹരി വിരുദ്ധ ജനകീയ പ്രചാരണത്തിനൊരുങ്ങി തദ്ദേശ സ്ഥാപനങ്ങൾ
    • September 26, 2026

      കൽപറ്റ:ലഹരിവസ്തുക്കളുടെ വ്യാപനം, ഉപയോഗം പൂർണമായി തടയുന്നതിന് കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിപുലമായ ജനകീയ പരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 28 ന് ജില്ലയിലെ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി