
ജില്ലയെ സമ്പൂർണ്ണ ഇലക്ട്രോണിക് മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇ- മാലിന്യ ശേഖരണ യജ്ഞം സംഘടിപ്പിക്കുമെന്ന് ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. ജില്ലയെ മാലിന്യ സംസ്‌കരണത്തിൽ മാതൃകയാക്കുകയാണ് ലക്ഷ്യം. ജില്ലയെ മാതൃകാപരമായി മുൻപന്തിയിലെത്തിക്കുന്നതിന്റെ ആദ്യ ചവിട്ടുപടിയാണ് സമ്പൂർണ്ണ ഇ- മാലിന്യമുക്ത ക്യാമ്പയിൻ. ഉപയോഗശേഷം വലിച്ചെറിയുന്ന ട്യൂബുകൾ, സിഎഫ് എല്ലുകൾ, ബാറ്ററികൾ അടക്കമുള്ള എല്ലാത്തരം ഇലക്ട്രോണിക് മാലിന്യങ്ങളും മണ്ണിലും ജലത്തിലും വലിയ തോതിലുള്ള പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നത് തടയാൻ ജില്ലയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ഇലക്ട്രോണിക് മാലിന്യങ്ങൾ താലൂക്കടിസ്ഥാനത്തിൽ കളക്ഷൻ സെന്ററുകളിൽ ശേഖരിക്കും. ജില്ലയിൽ സംഘടിപ്പിക്കുന്ന മാലിന്യ ശേഖരണ ക്യാമ്പയിനിലൂടെ പൊതുജനങ്ങളുടെ കൈവശമുള്ള ഉപയോഗശൂന്യമായ ഇലക്ട്രോണിക്‌സ് മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ലക്ഷ്യം. ജില്ലയിൽ രണ്ട് ഘട്ടങ്ങളായി നടക്കുന്ന ക്യാമ്പയിനിൽ ആദ്യഘട്ടത്തിൽ ജില്ലയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ക്ലീൻ കേരള കമ്പനി മുഖേന സെപ്റ്റംബർ 28, 29, 30 തിയതികളിലായി ശേഖരിച്ച് സംസ്‌കരിക്കാൻ കൈമാറും. സെപ്റ്റംബർ 28 ന് മാനന്തവാടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലും 29 ന് സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷൻ പരിസരത്തും 30 ന് കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്തുള്ള കളക്ഷൻ സെന്ററുകളിലുമായി ഇ- മാലിന്യങ്ങൾ ശേഖരിക്കും. രണ്ടാംഘട്ടത്തിൽ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ അതണ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും മാലിന്യ സംസ്‌കരണത്തിനായി ഏജൻസികൾ മുഖേന പൊതുജനങ്ങളുടെ കൈവശമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ഓക്ടോബർ രണ്ടിനകം സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന കളക്ഷൻ സെന്ററുകൾ വഴി ശേഖരിക്കും. വീടുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾക്ക് റേറ്റ് കാർഡ് അനുസരിച്ചുള്ള തുക ഹരിത കർമ്മസേന മുഖേന അക്കൗണ്ടുകളിലേക്ക് ലഭ്യമാകുന്നതാണ് മാലിന്യ ശേഖരണ ക്യാമ്പയിന്റെ പ്രത്യേകത.








