
കൽപ്പറ്റ: നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.പി. സണ്ണി, സെക്രട്ടറി ഒ.കെ. സക്കീർ, ട്രഷറർ വി.ജെ. ഷാജി, ആന്റണി താന്നിക്കൽ, സാദിഖ് ബത്തേരി, പി.ബി. ഹരീഷ്, സെയ്തലവി പൊഴുതന എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഗവ.കരാറുകാർ ഗുരുതര പ്രതിസന്ധിയിലാണ്. 9,000 കോടി രൂപയാണ് വിവിധ വകുപ്പുകളിൽനിന്നു കാരാറുകാർക്ക് കിട്ടാനുള്ളത്. നിർമാണ സാമഗ്രികളുടെ വില കുത്തനെ ഉയരുകയാണ്. ഒരു ബാരൽ ടാറിന് 18,000 രൂപയാണ് നിലവിൽ വില. ഇറാനെതിരായ യുദ്ധം അമേരിക്കയും ഇസ്രയേലും ആരംഭിക്കുന്നതിനുമുമ്പ് ഇത് 6,000 രൂപയായിരുന്നു. ടാർ വില വ്യത്യാസം കരാറുകാർക്ക് ലഭ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉത്തരവായെങ്കിലും ഗ്രാമീണ റോഡുകൾ കൈകാര്യം ചെയ്യുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയില്ല. അതിനാൽത്തന്നെ ഗ്രാമീണ റോഡുകളുടെ നിർമാണം നിലച്ചിരിക്കയാണ്. റോഡ് ടാറിംഗ് ഏറ്റെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. തദ്ദേശ വകുപ്പിൽ 2026-27 പദ്ധതി പ്രകാരം ടെൻഡർ നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ ടാർ വില വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണം. ഇതര ജില്ലകളിൽനിന്നു എത്തിക്കുന്ന ചെങ്കല്ല്, കരിങ്കല്ല് എന്നിവയുടെ വിലയും കൂലിച്ചെലവും വർധിച്ചിരിക്കയാണ്. എന്നിരിക്കേ 2021ലെ ഡിഎസ്ആർ(ഡിസ്ട്രിക്ട് ഷെഡ്യൂൾ റേറ്റ്) പുതുക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.








