
കൽപ്പറ്റ : യു ഡി എഫ് സർക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 19ന് കലക്ടറേറ്റ് മാർച്ച് നടത്തും. യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള പ്രവാസി പെൻഷൻ കുടിശിക ഉടൻ തീർത്ത് നൽകുക, അന്യായമായുള്ള നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർദ്ധനവ് പിൻവലിക്കുക, പ്രവാസി സാന്ത്വന പദ്ധതികൾ പുനഃസ്ഥാപിക്കുക, ലോകകേരള സഭ പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം സംഘടിപ്പിക്കുന്നത്. മാർച്ച് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ: സരുൺ മാണി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 10 വർഷമായി എൽ ഡി എഫ് സർക്കാർ നടപ്പിലാക്കിയ നിരവധി പ്രവാസി ക്ഷേമ പദ്ധതികൾ അട്ടിമറിക്കുന്ന നിലപാടാണ് യു ഡി എഫ് സർക്കാർ സ്വീകരിക്കുന്നത് നവംബർ 13,14,15 തിയ്യതികളിൽ ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധ സായാഹ്നവും, ഒപ്പ് ശേഖരണവും നടത്തിയിരുന്നു. സംസ്ഥാന വ്യാപകമായി 10 ലക്ഷം ഒപ്പ് ശേഖരിച്ച് കഴിഞ്ഞു. ഈ വിഷയങ്ങൾ ഉന്നയിച്ച് കൊണ്ട് നവംബർ 27, 28 തീയതികളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ദ്വിദിന സത്യാഗ്രഹവും സംഘടനയുടെ നേതൃത്വത്തിൽ നടത്തും. ദ്വിദിന സത്യാഗ്രഹം മുൻ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയുമായ അഡ്വ സരുൺ മാണി, ജില്ലാ പ്രസിഡന്റ് പി ടി മൻസൂർ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ സേതുമാധവൻ, കൽപ്പറ്റ ഏരിയ പ്രസിഡന്റ് ബഷീർ അരപ്പറ്റ എന്നിവർ പങ്കെടുത്തു.









