
പുൽപ്പള്ളി: പുൽപ്പള്ളി ആനപ്പാറയിലെ വാടക ക്വാർട്ടേഴ്സിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് രണ്ട് പേർക്ക് കുത്തേറ്റു. സംഭവത്തിൽ ഒരാൾ മരിച്ചു. താമരശ്ശേരി കൂടത്തായി അപ്പുറത്ത് പൊയിൽ ലൈജു (40) ആണ് മരിച്ചത്.
കൊല്ലം തഴവ സ്വദേശി ഷഫീഖ് അബ്ദുൾ സലാം (35) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ (ഒക്ടോബർ 03) രാത്രി 9 മണിയോടെയാണ് സംഭവം. പരിക്കേറ്റ ഇരുവരെയും ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. കുത്തേറ്റ ലൈജു ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് നാഗപട്ടണം സ്വദേശികളായ പനീർ ശെൽവം (58), ശേഖർ (63) എന്നിവരെ പുൽപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ പവനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ രാത്രി തന്നെ പിടികൂടിയത്.
വാടക ക്വാർട്ടേഴ്സിൽ വെച്ച് ലൈജുവും സംഘവും പനീർ ശെൽവവുമായി വാക്കുതർക്കമുണ്ടായി. ഇതിനെ തുടർന്ന് പനീർ ശെൽവം തന്റെ സുഹൃത്ത് ശേഖറിനെ വിളിച്ചു വരുത്തുകയും കത്തിയുമായി എത്തിയ ശേഖർ ഇരുവരെയും ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ശേഖറിനെയാണ് പോലീസ് പിടികൂടിയത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പുൽപ്പള്ളി പോലീസ് അറിയിച്ചു.








