
കൽപ്പറ്റ:സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടക്കുന്ന ജില്ലാതല പട്ടയമേള നാളെ (ഒക്ടോബർ 5) രാവിലെ 10 ന് കൽപ്പറ്റ സേക്രട്ട് ഹാർട്ട് പള്ളി ഹാളിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. അർഹിച്ച കരങ്ങളിലേക്ക് അവകാശത്തിന്റെ രേഖയാകുന്ന പുതിയ കേരളം എന്ന ലക്ഷ്യത്തോടെയാണ് പട്ടയമേള സംഘടിപ്പിക്കുന്നത്. ലാന്റ് ട്രൈബൂണൽ, മുനിസിപ്പൽ ഭൂ-പതിവ്, മിച്ചഭൂമി, ദേവസ്വം പട്ടയങ്ങൾ ഉൾപ്പെടെ അർഹരായ 165 ഗുണഭോക്താക്കൾക്ക് പട്ടയ മേളയിൽ ഭൂരേഖ വിതരണം ചെയ്യും. എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷനാവുന്ന പരിപാടിയിൽ എം.പി പ്രിയങ്ക ഗാന്ധി, എം.എൽ.എ ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ വി ചെൽസാസിനി, കൽപ്പറ്റ നഗരസഭ അധ്യക്ഷൻ പി. വിശ്വനാഥൻ, സബ് കളക്ടർ അതുൽ സാഗർ, സുൽത്താൻ ബത്തേരി-മാനന്തവാടി നഗരസഭ ചെയർപേഴ്സൺമാരായ റസീന അബ്ദുൾ ഖാദർ, എൽ.ആർ ഡെപ്യൂട്ടി കളക്ടർ കെ. മനോജ് കുമാർ, ജേക്കബ് സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ഹനീഫ, പ്രസന്ന ശശീന്ദ്രൻ, മീനാക്ഷി രാമൻ, ടി.എസ് ദിലീപ് കുമാർ, വാർഡ് കൗൺസിലർ എ.വി ദീപ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.








