
കൽപറ്റ: സംസ്ഥാന കൃഷി വകുപ്പ് വിദ്യാർഥികളിലെ കാർഷിക അവബോധം വളർത്തുന്നതിനായി തയ്യാറാക്കുന്ന അഭിമാന പദ്ധതിയായ ‘കതിർ’ ഔദ്യോഗികമായി തുടക്കമിടും മുമ്പ് പ്രവർത്തനമാരംഭിച്ച വാഴവറ്റ സെന്റ് സെബാസ്റ്റ്യൻ എ.എൽ.പി സ്കൂളിലെ ‘കതിർ’ പദ്ധതിയുടെ പ്രവർത്തനം വിലയിരുത്താൻ കൃഷിമന്ത്രി ടി.സിദ്ദീഖ് തന്നെ നേരിട്ടെത്തി. കുട്ടികൾ തങ്ങളുടെ അധ്വാനത്തിലൂടെ വിദ്യാലയത്തിന്റെ കൃഷിഭൂമിയിൽ വിളയിച്ച മത്തൻ മന്ത്രി വിളവെടുക്കുകയും ചെയ്തു. കുട്ടിക്കാലം മുതൽ തന്നെ കൃഷിയുമായി ബന്ധം സ്ഥാപിക്കുന്നതിനും കാർഷിക മേഖലയോട് താൽപ്പര്യം വളർത്തുന്നതിനുമായാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ‘കതിർ’ പദ്ധതി ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാർഷിക മേഖലയിലെ പ്രധാന വെല്ലുവിളികളിലൊന്ന് പുതുതലമുറ കൃഷിയിൽ നിന്ന് അകലുന്നതാണ്. ആ മനോഭാവം മാറ്റി കൊണ്ടുവരികയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ‘കതിർ’ കാർഷിക ക്ലബ്ബിൻറെ ഭാഗമായി വിദ്യാർഥികൾക്ക് കൃഷിയെ അറിയാനുള്ള യാത്രകളും, കാർഷിക പരിശീലനം, മണ്ണ് പരിശോധന, ഫാം സന്ദർശനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. സംസ്ഥാനത്തെ സ്കൂളുകൾക്ക് ‘കതിർ’ കാർഷിക ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾക്കായി ഒരു വർഷത്തേക്ക് 10,000 രൂപ വീതം സാമ്പത്തിക സഹായം നൽകും. ഈ വർഷം 500 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ‘കതിർ’ അടുത്ത വർഷം മുഴുവൻ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു.
‘കതിർ’ പദ്ധതിയുടെ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ച വാഴവറ്റ സെന്റ് സെബാസ്റ്റ്യൻ എ.എൽ.പി സ്കൂൾ വിദ്യാർഥികളെയും അധികൃതരെയും മന്ത്രി അഭിനന്ദിച്ചു. സ്കൂളിൻ്റെ ഈ പ്രവർത്തനം മറ്റു വിദ്യാലയങ്ങൾക്ക് കൂടി വലിയ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രോക്കോളി, തക്കാളി, മത്തൻ, ചീര, കോവയ്ക്ക, പാവയ്ക്ക, വഴുതന, കോളിഫ്ലവർ തുടങ്ങി 43 ഇനം പച്ചക്കറികളാണ് സ്കൂൾ വളപ്പിൽ കുട്ടികൾ കൃഷി ചെയ്തത്. സ്കൂളിൻ്റെ കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്താൻ കൃഷിമന്ത്രി തന്നെ നേരിട്ടെത്തിയത് വലിയ പ്രചോദനമാണെന്ന് കുട്ടികളും പ്രതികരിച്ചു.
വാഴവറ്റ സെന്റ് സെബാസ്റ്റ്യൻ എ.എൽ.പി സ്കൂൾ പ്രധാനാധ്യാപിക ജിന്നി മേരി ജോസ്, ഫാ.കുര്യാക്കോസ് കുന്നത്ത് എന്നിവരും പങ്കെടുത്തു.








