
കൽപ്പറ്റ: കെൻസ ഹോൾഡിംഗ്‌സ് വയനാട് മഞ്ഞൂറയിൽ നടപ്പാക്കുന്ന വെൽനെസ് പ്രോജക്ടിന്റെ ആദ്യഘട്ടം പ്രവർത്തനം മൂന്നു മാസത്തിനകം ആരംഭിക്കുമെന്ന് ചെയർമാനും പ്രവാസി വ്യവസായിയുമായ ഡോ.ഷിഹാബ് ഷാ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രോജക്ടിൽ ആയുർവേദ, നാച്യുറോപ്പിതി ചികിത്സകൾക്കായിരിക്കും പ്രാധാന്യമെന്നും കെട്ടിട നിർമാണത്തിൽ ചട്ടലംഘനം നടന്നുവെന്ന ആരോപണത്തിൽ ഡിഡിഎംഎ മുമ്പ് പരിശോധന നടത്തിയത് താൻ അപേക്ഷിച്ചതുപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
വെൽനസ് ടൂറിസം പ്രോജക്ടുമായി ബന്ധപ്പെട്ട് തനിക്കെതിരേയുണ്ടായിരുന്ന കേസുകൾ ഹൈക്കോടതി അസാധുവാക്കിയിട്ടുണ്ട്. പ്രോജക്ട് ഭൂമിയിൽ പ്രവൃത്തി പൂർത്തിയായ മുഴുവൻ കെട്ടിടങ്ങൾക്കും തരിയോട് പഞ്ചായത്ത് നമ്പർ അനുവദിച്ചിട്ടുണ്ട്. ഡിഡിഎംഎ മുൻ ചെയർപേഴ്‌സന്റെ നിർദേശപ്രകാരം തരിയോട് പഞ്ചായത്ത് സെക്രട്ടറി കെട്ടിട നമ്പർ റദ്ദാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തതാണ്. പ്രവർത്തനം പൂർണസജ്ജമാകുന്നതോടെ പ്രോജക്ടിൽ നാനൂറോളം പേർക്ക് തൊഴിൽ ലഭിക്കും.
ദുബായിൽ സംരംഭങ്ങളുള്ള താൻ വലിയ സ്വപ്‌നങ്ങളുമായാണ് മെഡിക്കൽ ടൂറിസം പദ്ധതിക്കായി വയനാട്ടിൽ വന്നത്. ദീർഘകാലത്തെ അന്വേഷണത്തിനൊടുവിലാണ് മഞ്ഞൂറയിൽ ബാണാസുരസാഗർ റിസർവോയറിനോട് ചേർന്ന് 63 സെന്റ് സ്ഥലം എടുത്തത്. പിന്നീട് 18 ആധാരങ്ങളിലായി ഏഴ് ഏക്കറിൽപരം ഭൂമി കൂടി വാങ്ങി. പ്രോജക്ടിന്റെ ഭാഗമായ നിർമാണങ്ങൾ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് കുപ്രചാരണങ്ങളും വ്യാജ പരാതികളും ഉയർന്നത്. പ്രോജക്ടിനും തനിക്കുമെതിരേ രംഗത്തുവന്നത് തിരുവനന്തപുരം കാസർഗോഡും ഉൾപ്പെടെ വിദൂരപ്രദേശങ്ങളിലുള്ളവരാണ്. തദ്ദേശീയരിൽനിന്നു മികച്ച പിന്തുണയാണ് ലഭിച്ചത്.

വിശ്വസിച്ച് കൂടെ നിർത്തിയവരടക്കം നടത്തിയ ഗൂഢാലോചനയാണ് തനിക്കും പ്രോജക്ടിനും എതിരായ പാരതികൾക്കും ആരോപണങ്ങൾക്കും പിന്നിൽ. താൻ 400 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ദുബായിൽനിന്നു മുങ്ങിയെന്ന് ഒരു യൂട്യൂബ് ചാനലിൽ വാർത്തവന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലെ ചില മാധ്യമങ്ങളും വാർത്ത നൽകി. പ്രോജക്ടിൽ വില്ലകൾക്ക് പണം മുടക്കിയവരിൽ ചിലർ പൊലിസിൽ പരാതി നൽകി. എന്നാൽ പ്രോജക്ടിന്റെ ഭാഗമായ വില്ലകൾ സ്ഥിതി ചെയ്യുന്ന ഭൂമി പരാതിക്കാരുടെ പേരിലാണെന്നും പ്രവൃത്തി പൂർത്തിയായെന്നും ബോധ്യപ്പെട്ട പൊലിസ് കേസെടുക്കാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. താൻ തട്ടിപ്പുകാരനാണെന്ന് തെളിയിക്കുന്നവർക്ക് കെൻസ വെൽനസ് പ്രോജക്ട് സൗജന്യമായി എഴുതിക്കൊടുക്കാൻ തയാറാണ്.
കെട്ടിടങ്ങളിൽ ഒന്നിന്റെ ഒരു വശത്ത് അനുവദനീയമായതിലും 17 സെന്റി മീറ്റർ ഉയരം കൂടുതലായതാണ് ചട്ടലംഘനമായി ഡിഡിഎംഎ പരിശോധനയിൽ കണ്ടെത്തിയത്. ഇതേ പഞ്ചായത്തിൽ ഇതിലും കൂടുതൽ ഉയരത്തിൽ നിർമിച്ച കെട്ടിങ്ങൾക്ക് നമ്പർ അനുവദിച്ചിട്ടുണ്ട്. ഡിഡിഎംഎ ചെയർപേഴ്‌സൺ വയനാട്ടിലെ സേവനകാലത്തിന്റെ അവസാന ദിവസമാണ് കെട്ടിട നമ്പർ റദ്ദാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയത്. നമ്പർ റദ്ദാക്കിയതിനെതിരായ ഹർജിയിൽ കമ്മിഷൻ മുഖേന കെട്ടിടങ്ങളുടെ
ഉയരം അളന്നതിനുശേഷമാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.
കെൻസ വെൽനസ് റിസോർട്ട് പ്രോജക്ട് തട്ടിപ്പാണെന്ന് പ്രചരിപ്പിച്ച് നിക്ഷേകരെ തെറ്റിദ്ധരിപ്പിക്കാനും തന്നെ സാമ്പത്തികമായും മാനസികമായും പീഡിപ്പിക്കാനും നടന്ന ആസൂത്രിത നീക്കങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സംസ്ഥാന പൊലിസ് മേധാവി എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം നാലു പേർക്കെതിരേ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം പടിഞ്ഞാറത്തറ പൊലിസ് കേസെടുത്തത്. വ്യാജ ആരോപണങ്ങളും പരാതികളും നിപ, കോവിഡ് ബാധയും പ്രോജക്ടിന്റെ സമയബന്ധിതമായ പൂർത്തീകരണത്തിന് വിഘാതമായെന്നും ഷിഹാബ് ഷാ പറഞ്ഞു.








