
പുൽപ്പള്ളി: മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന വയനാട്ടിലെ പ്രമുഖ സർവ്വമത തീർത്ഥാടനകേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് സമാപനമായി. സമാപന ദിനത്തിൽ ചെതലയം സെന്റ് ജോർജ്ജ് ദൈവാലയത്തിൽ നിന്നുമാരംഭിച്ച തെക്കന മേഖല കാൽനട തീർത്ഥയാത്ര, കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന, മദ്ധ്യസ്ഥപ്രാർത്ഥന തുടങ്ങിയവയും ആഘോഷമായ പെരുന്നാൾ പ്രദക്ഷിണവും സൗഖ്യദായകമായ പാച്ചോർനേർച്ചയും നടത്തപ്പെട്ടു. ആയിരക്കണക്കിന് വിശ്വാസികൾ പ്രധാന ദിനങ്ങളിൽ ചടങ്ങുകളിൽ പങ്കെടുത്തു. വികാരി ഫാ. ബേസിൽ കരനിലത്ത്, വന്ദ്യ പൗലോസ് കോർ-എപ്പിസ്‌കോപ്പ നാരകത്ത്പുത്തൻപുരയിൽ, ഫാ. ജോർജ്ജ് തോമസ് പുല്യാട്ടേൽ, ഫാ. ജോസഫ് പരത്തുവയലിൽ, ഫാ. യൽദോ ചീരകത്തോട്ടത്തിൽ, ഫാ. ഡോ. കുര്യാക്കേസ് വെള്ളച്ചാലിൽ, ഫാ. മനീഷ് ജേക്കബ് പുല്യാട്ടേൽ, ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ഫാ. ജിബിൻ പുന്നശ്ശേരിൽ, ഫാ. ബേസിൽ കൊളവിക്കുടി, ഡീ.ഫെബിൻ, ഡീ. നൈജോ തുടങ്ങിയവർ പ്രധാന പെരുന്നാൾ ശുശ്രൂഷകൾക്ക് സഹകാർമ്മികരായി. ട്രസ്റ്റി സിജു പൗലോസ്, സെക്രട്ടറി എ കെ എലിയാസ് എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ ആഘോഷകമ്മറ്റി വിശ്വാസികൾക്കാവശ്യമായ ക്രമീകരണങ്ങളൊരുക്കി.








