
കൽപറ്റ:40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 61 കാരനായ ആർ മഹാദേവനും കുടുംബത്തിനും സ്വന്തമായി ഭൂമിയായി. ആകെയുള്ള അഞ്ചേകാൽ സെന്റ് വസ്തുവിന് പട്ടയം ലഭിച്ചതോടെ നിലവിലെ ഷെഡ് മാറ്റി പുതിയ വീടിന് അപേക്ഷിക്കാമെന്ന സന്തോഷത്തിലാണ് മഹാദേവൻ. ബത്തേരി തിരുനെല്ലി സ്വദേശിയായ മഹാദേവനും കുടുംബവും പെട്ടികട നടത്തിയാണ് ഉപജീവനം നടത്തുന്നത്. പട്ടയമില്ലാത്തതിനാൽ ഭവന പദ്ധതി ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾക്കൊന്നും അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. പട്ടയത്തിനായി ഏറെ നാൾ കാത്തിരിക്കേണ്ടി വന്നെങ്കിലും പട്ടയം നൽകിയ സർക്കാരിനോട് നന്ദിയുണ്ടെന്ന് പട്ടയം ഏറ്റുവാങ്ങി മഹാദേവനും ഭാര്യ രാധയും പറഞ്ഞു.








