
മാനന്തവാടി: മാനന്തവാടി രൂപത നസ്രാണി ഫെസ്റ്റ് എട്ടിന് വൈകുന്നേരം ആറ് മുതൽ രാത്രി 10 വരെ
ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടക്കും. സീറോ മലബാർ സഭയുടെ സമുദായ ശക്തീകരണ വർഷാഘോഷത്തിന്റെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇതിന് ഒരുക്കം പൂർത്തിയായതായി രൂപത സഹായമെത്രാനും സമുദായ ശക്തീകരണ വർഷാഘോഷ കമ്മിറ്റി ചെയർമാനുമായ മാർ അലക്‌സ് താരാമംഗംലം, വൈസ് ചെയർമാൻമാരായ ഫാ.ജോബി മുക്കാട്ടുകാവുങ്കൽ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, മേഴ്‌സി ബെന്നി അമരിക്കാട്ട്, ജനറൽ കോ-ഓർഡിനേറ്റർ ജോസ് മാത്യു പുഞ്ചയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രൂപതയിലെ 12 ഫൊറോനകളിലും നീലഗിരി റീജണിൽനിന്നുമായി 600ഓളം കലാപ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും. നീലഗിരി റീജൺ അവതരിപ്പിക്കുന്ന സംഘഗാനത്തോടെയാണ് ഫെസ്റ്റ് തുടങ്ങുക. കല്ലോടി ഫൊറോനയിലെ കലാകാരൻമാർ ഉദ്ഘാടന നൃത്തത്തിനു ചുവടുവയ്ക്കും. കത്തോലിക്കാസഭയിലെ വിശുദ്ധരുടെ ജീവിതവും ക്രൈസ്തവ പാരമ്പര്യവും വിളിച്ചോതുന്ന നൃത്താവിഷ്‌കാരങ്ങളുണ്ടാകും. നിലമ്പൂർ ഫൊറോനയുടെ ‘വിശുദ്ധ തോമാശ്ലീഹാ’നൃത്ത-സംഗീതാവിഷ്‌കാരം, കൽപ്പറ്റ ഫൊറോനയുടെ ‘വിശുദ്ധ ഏവുപ്രാസ്യമ്മ’ നൃത്ത-സംഗീതാവിഷ്‌കാരം എന്നിവ അരങ്ങേറും. തരിയോട് ഫൊറോന വിശുദ്ധ അൽഫോൺസാമ്മയുടെയും പയ്യമ്പള്ളി ഫൊറോന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും നൃത്ത-സംഗീതാവിഷ്‌കാരം നടത്തും. മുള്ളൻകൊല്ലി, നടവയൽ, ബത്തേരി, ചുങ്കക്കുന്ന്, മാനന്തവാടി ഫൊറോനകൾ യഥാക്രമം പരമ്പരാഗത കലാരൂപങ്ങളായ പരിചമുട്ടുകളി, മാർഗംകളി, റമ്പാൻപാട്ട്, ബാൻഡ്‌മേളം, നാടകം എന്നിവ അവതരിപ്പിക്കും. ദ്വാരക ഫൊറോനയുടെ രൂപതാഗാനാലാപനത്തോടെ കലാവിരുന്ന് സമാപിക്കും. പരമ്പരാഗത നസ്രാണി ഭക്ഷണ വിഭവങ്ങളുടെ മേള ഫെസ്റ്റിന്റെ ഭാഗമാണ്. ബിഷപ്പുമാരും ഇരുന്നൂറിലധികം വൈദികരും വിവിധ സന്യാസ സമൂഹങ്ങളിലെ സുപ്പീരിയർമാരും സമർപ്പിതരും സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ഫെസ്റ്റിൽ പങ്കെടുക്കും








