
അമ്പലവയൽ ;കുടുംബശ്രീ ജില്ലാ മിഷനും വയനാട് എം.എസ്.എസ്.ആർ.എഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അമ്പലവയൽ സി.ഡി.എസിൽ മഞ്ഞൾ നടീൽ ജില്ലാതല ഉദ്ഘാടനം നടത്തി. നെല്ലാറ ഉന്നതിയിൽ നടന്ന പരിപാടി അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി, പനമരം എന്നീ മൂന്ന് ബ്ലോക്കുകളിലെ 22 ജോയിന്റ് ലെയബിലിറ്റി ഗ്രൂപ്പുകൾക്കും ഒരു പ്രൊഡ്യൂസർ ഗ്രൂപ്പിനുമായി 855 കിലോ വരദ ഇനത്തിൽപ്പെട്ട ഇഞ്ചി വിത്തും 3777 കിലോ പ്രതിഭ ഇനത്തിൽപ്പെട്ട മഞ്ഞൾ വിത്തും വിതരണം ചെയ്തു. നിലവിൽ 19.3 ഏക്കർ സ്ഥലത്ത് കൃഷി നടത്തി വരികയാണ്. പദ്ധതിയിൽ 100 വനിതാ കർഷകർ പങ്കാളികളാകുന്നുണ്ട്. കാർഷിക മേഖലയിലൂടെ വനിതാ ശാക്തീകരണവും ജൈവകൃഷി പ്രോത്സാഹനവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

സി.ഡി.എസ് ചെയർപേഴ്സൺ ഷേർലി ജോയ് അധ്യക്ഷയായ പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ, വാർഡ് അംഗം പി.റ്റി ആമിന, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ജമീല ഉന്നീൻ, സി.ഡി.എസ് എക്സിക്യൂട്ടീവ് അംഗം ഷീന, കുടുംബശ്രീ അസി.ജില്ലാ മിഷൻ കോർഡിനേറ്റർ വി.കെ റജീന, ജില്ലാ പ്രോഗ്രാം മാനേജർ സുകന്യ ഐസക്, ബ്ലോക്ക് കോർഡിനേറ്റർ ഒ.പി. ജംഷീറ, എം.എസ്.എസ്.ആർ.എഫ് ഡെവലപ്മെന്റ് കോർഡിനേറ്റർ പി.സി സനൽ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു








