
*
ഇ-മാലിന്യമുക്ത വയനാട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശേഖരണം നടത്തിയിട്ടും വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ ബാക്കിയുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കാമെന്ന് ജില്ലാ ശുചിത്വമിഷൻ അറിയിച്ചു. വീടുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗശൂന്യമായി കിടക്കുന്ന മൊബൈൽ ഫോണുകൾ, ബാറ്ററികൾ, കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ തുടങ്ങിയ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള സൗകര്യം ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇ-മാലിന്യങ്ങൾ നേരിട്ടെത്തി ശേഖരിക്കാനും അംഗീകൃത ഏജൻസികൾ വഴി ശാസ്ത്രീയമായി സംസ്കരിക്കാനുമുള്ള നടപടികൾ സ്വീകരിക്കും. ഫോൺ നമ്പർ: 8078409770

ഇലക്ട്രോണിക് മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുകയോ സാധാരണ ഗാർഹിക മാലിന്യങ്ങൾക്കൊപ്പം കലർത്തുകയോ ചെയ്യരുത്. ഇവയിലടങ്ങിയിരിക്കുന്ന ഹാനികരമായ രാസവസ്തുക്കളും ഘടകങ്ങളും പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. അതിനാൽ ഇവ ഉത്തരവാദിത്തത്തോടെ അധികൃതർക്ക് കൈമാറേണ്ടത് അത്യാവശ്യമാണ്. വയനാടിനെ പൂർണ്ണമായും ഇ-മാലിന്യമുക്ത ജില്ലയാക്കി മാറ്റുന്നതിനുള്ള ഈ സംരംഭത്തിൽ പൊതുജനങ്ങളും സ്ഥാപനങ്ങളും സജീവമായി പങ്കാളികളാകണമെന്നും ഉപകരണങ്ങൾ കെട്ടിക്കിടക്കാൻ അനുവദിക്കാതെ ശാസ്ത്രീയ സംസ്കരണത്തിനായി കൈമാറണമെന്നും ജില്ലാ ശുചിത്വമിഷൻ അഭ്യർത്ഥിച്ചു.








