
*
*ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും- ജില്ലാ കളക്ടർ*

മലയാള ഭാഷയുടെ വളർച്ചയും വിശാലതയും ഓർമിപ്പിച്ച് മലയാളദിനം-ഭരണഭാഷാ വാരാഘോഷം ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് ആസുത്രണ ഭവൻ എ.പി.ജെ ഹാളിൽ ജില്ലാ കളക്ടർ വി. ചെൽസാസിനി നിർവഹിച്ചു. സർക്കാർ ഓഫീസിലെ ഫയലുകളും ഔദ്യോഗിക ആശയ വിനിമയങ്ങളും മാതൃഭാഷയിലാകുന്നത് പൊതുജനങ്ങളെ ഭരണസംവിധാനവുമായി കൂടുതൽ അടുപ്പിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഓരോ സംസ്ഥാനത്തെയും ആശയങ്ങളെയും ആഴത്തിൽ മനസ്സിലാക്കാൻ അതത് ഭാഷയിലൂടെ സാധിക്കുന്നത് മാതൃഭാഷയുടെ പ്രത്യേകതയാണെന്നും കളക്ടർ പറഞ്ഞു. കളക്ടറേറ്റ് ആസൂത്രണ ഭവനിൽ നടന്ന ജില്ലാതല യോഗത്തിൽ എ.ഡി.എം കെ അജീഷ് അധ്യക്ഷനായി.
ഭാഷ ഓരോ ജനതയുടെ സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും അടയാളമാണെന്ന് മുഖ്യപ്രഭാഷണം നടത്തി റവന്യൂ ജീവനക്കാരനും എഴുത്തുകാരനുമായ ഹാരിസ് നെന്മേനി പറഞ്ഞു. മറ്റു ഭാഷകളിൽ നിന്ന് വാക്കുകൾ കടംകൊണ്ട് നിരന്തരം വളർന്നുകൊണ്ടിരിക്കുന്ന ഭാഷയാണ് മലയാളം. അതൊരു പരിമിതിയല്ല നമ്മുടെ ഭാഷയുടെ ഹൃദയ വിശാലതയാണ്. വിദ്യാഭ്യാസത്തോടൊപ്പം മനുഷ്യന്റെ സാംസ്‌കാരികവും മാനവികവുമായ വളർച്ചയ്ക്ക് സാഹിത്യവായന ആവശ്യമാണന്നും അക്ഷരങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമായിട്ടും മനുഷ്യരുടെ സംസ്‌കാരത്തിലും പെരുമാറ്റത്തിലും പ്രതിഫലിക്കുന്നുണ്ടോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണഭാഷാ വാരാചരണത്തിൻറെ ഭാഗമായി ജില്ലാ ഭരണകൂടം ജീവനക്കാർക്കായി സംഘടിപ്പിച്ച ഭരണഭാഷാ സേവന പുരസ്‌കാര ജേതാവ് മാനന്തവാടി താലൂക്ക് ഓഫീസ് സീനിയർ ക്ലർക്ക് സിനീഷ് ജോസഫിനെ പരിപാടിയിൽ ജില്ലാ കളക്ടർ അനുമോദിച്ചു. അസിസ്റ്റന്റ് എഡിറ്റർ സൗമ്യ മത്തായി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി. ഡെപ്യൂട്ടി കലക്ടർമാരായ സി. ബിജു, ജയശ്രീ വാര്യർ, ഇൻഫർമേഷൻ ഓഫീസർ കെ സുമ, കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ മലയാളം അധ്യാപിക സി.വി ഉഷ, എഴുത്തുകാരൻ ബാലൻ വേങ്ങര, തദ്ദേശ സ്വയംഭരണ വകുപ്പ് എംപവർമെന്റ് ഓഫീസർ ആർ. ദീപ്തി, സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഡോ. എം.കെ സ്വയ, പി. സ്വാലിഹ, കളക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് മിനി മോൾ എന്നിവർ സംസാരിച്ചു.








