
പുൽപ്പളളി: ചാത്തമംഗലം കാർക്ക് വിഷു ആഘോഷം ഒരു പങ്കുവെക്കൽ കൂടിയാണ്. വിഷു ആഘോഷത്തിനായി ഒരു വർഷം മുമ്പേ ഗ്രാമത്തിലെ എല്ലാ വീടുകളിലെയും കുട്ടികൾ ഒരു ചെറിയ തുക വിഷു പടക്കം വാങ്ങുന്നതിനായി മാറ്റിവയ്ക്കും. വിഷു അടുക്കുമ്പോൾ ആ തുക കൊണ്ടുപോയി പടക്കം വാങ്ങി പൊട്ടിച്ച് വിഷു ആഘോഷമാണ് നടത്താറുള്ളത്. എന്നാൽ ഇത്തവണ ഗ്രാമം വ്യത്യസ്‌തമായ ഒരു കാഴ്‌ചയാണ് കണ്ടത്.
കുട്ടികൾ സ്വരൂപിച്ച തുകയിൽ നിന്നും ഒരു ഭാഗം വിഷു ആഘോഷിക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബങ്ങളെ സഹായിക്കുന്നതിനായി കനിവ് എന്ന ചാരിറ്റബിൾ സൊസൈറ്റിക്ക് കൈമാറി. കൂടാതെ എല്ലാവരും ചേർന്ന് ഒരുമിച്ച് പടക്കം വാങ്ങുകയും ചാത്തമംഗലത്ത് ഒരുമിച്ചു കൂടി പടക്കങ്ങളും കമ്പിത്തിരികളും പൂത്തിരികളും കത്തിച്ച് ആഹ്ളാദത്തിൻ്റെ ആരവം മുഴക്കിയാണ് വീടുകളിലേക്ക് മടങ്ങിയത്. തീർത്തും ഗ്രാമീണമായ പ്രദേശമാണ് ചാത്തമംഗലം.

പുൽപ്പള്ളി വീട്ടി മൂലയ്ക്ക്സമീപമുള്ള വയൽ ഗ്രാമമാണ് ചാത്തമംഗലം. മൂന്നു വശവും വനത്താൽ ചുറ്റപ്പെട്ട ചാത്തമംഗലം ഇപ്പോഴും വലിയ രീതിയിൽ നെൽകൃഷി നടത്തിവരുന്ന ഗ്രാമമാണ്.
വന്യമൃഗങ്ങളിൽ നിന്നും ഗ്രാമത്തിലെ നെൽകൃഷിയെ സംരക്ഷിക്കുന്നതിന് പതിനാലോളം ഏറുമാടങ്ങൾ പണിത് കാവലിരിക്കുന്ന കർഷകരുള്ള നാട്. ഇതോടൊപ്പം മറ്റ് ജോലികൾ ചെയ്യുന്ന ആളുകൾ കൂടി എത്തിച്ചേരുമ്പോൾ എങ്ങു മില്ലാത്ത ഒരു സൗഹൃദം ഇവിടെ ഉരുത്തിരി ഞ്ഞുണ്ടാകുന്നു. അതോടൊപ്പം കുട്ടികളും ഒത്തുചേർന്നതോടെയാണ് ഇത്തവണ വിഷു ആഘോഷം വ്യത്യസ്‌തമായ ഒരു അനുഭവമായി മാറിയത്.
കുട്ടികൾ സമാഹരിച്ച തുക കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ വനിതാ വിഭാഗം പ്രസിഡണ്ട് ലാലി കൈനിക്കുടിക്ക് കൈമാറി.ടി വി ബിനോയി, വി എം മനോജ്, എം വി സതീഷ്, വിദ്യാ ഷിബു, അനുഷ, കെ ഡി പ്രനൂബ് ഷിബു കൃഷ്‌ണൻ തുടങ്ങിയവർ നേതൃത്വം നൽകി.








