
മാനന്തവാടി: മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണമെന്നും കോഴിക്കോട് റോഡിലെ താൽക്കാലിക ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പഴയ ബസ് സ്റ്റാൻഡ് പൊളിച്ചുമാറ്റിയതോടെ പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ ദുരിതം നേരിടുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കും ഉൾപ്പെടെ പ്രയാസമുണ്ടാക്കുന്ന താൽക്കാലിക സംവിധാനത്തിൽ ശുചിമുറി, ഇരിപ്പിടം, കുടിവെള്ളം, അമ്മമാർക്കുള്ള മുലയൂട്ടൽ സൗകര്യം, കെഎസ്ആർടിസി എൻക്വയറി ഓഫീസ്, ബസ് സമയവിവര ബോർഡ് എന്നിവ അടിയന്തരമായി ഒരുക്കണം.

പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തിലെ കാലതാമസം അവസാനിപ്പിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള വ്യക്തമായ സമയക്രമം പ്രഖ്യാപിക്കണം. പഴയ ബസ് സ്റ്റാൻഡിൽ വ്യാപാരം നടത്തിയിരുന്ന കച്ചവടക്കാരുടെ ഉപജീവനപ്രശ്നങ്ങളും പരാതികളും പരിഗണിച്ച് നീതിപൂർവമായ പരിഹാരം കാണണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.ടി. കുഞ്ഞബ്ദുല്ല, സെക്രട്ടറി എം.ടി. സജീർ, ഓർഗനൈസിങ് സെക്രട്ടറി ഷുഹൈബ് ടി.കെ, ജോയിന്റ് സെക്രട്ടറി നൗഫൽ പി.കെ, ട്രഷറർ അലി എ.കെ, കമ്മിറ്റിയംഗങ്ങളായ അബു കെ.എം, ആലി പി, സകരിയ്യ കെ.എസ്, മാനന്തവാടി മുനിസിപ്പൽ ഭാരവാഹികളായ അബ്ദുൽ സലാം, നൗഷാദ്, തവിഞ്ഞാൽ പഞ്ചായത്ത് ഭാരവാഹികളായ വി.കെ. മുഹമ്മദലി, കബീർ, എടവക പഞ്ചായത്ത് സെക്രട്ടറി സൈനുദ്ദീൻ ടി, വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി കെ. മുസ്തഫ, തൊണ്ടർനാട് പഞ്ചായത്ത് സെക്രട്ടറി അബു സി.കെ, പനമരം പഞ്ചായത്ത് സെക്രട്ടറി അഷ്റഫ് ബാവ തുടങ്ങിയവർ സംബന്ധിച്ചു.








