
സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് ദ്വാരക പാസ്റ്ററൽ സെന്ററിൽ രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടത്തിന്റെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കുന്ന ശുശ്രൂഷയ്ക്കുശേഷം വിയാനി ഭവനിലെ വൈദിക സെമിത്തേരിയിൽ.
കോട്ടയം കുറവിലങ്ങാട് മാർത്തമറിയം ഇടവകയിലെ ചിറ്റൂർപരേതരായ വർക്കി-മോണിക്ക ദമ്പതികളുടെ മകനാണ്. 1964 ഡിസംബർ ഒന്നിന് മുംബൈയിൽ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽനിന്നാണ് വൈദികപട്ടം സ്വീകരിച്ചത്. തുടർന്ന് തലശേരി അതിരൂപതയിലെ കണിച്ചാർ, കുന്നോത്ത്, കൂടരഞ്ഞി, കർണാടകയിലെ നരസിംഹരാജപുരം, എൻആർ പുര, മാനന്തവാടി രൂപതയിലെ ദീപ്തിഗിരി, കാവുംമന്ദം, സീതാമൗണ്ട് ഇടവകകളിൽ സേവനം ചെയ്ത അദ്ദേഹം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടറായും പ്രവർത്തിച്ചു.
ഫിലിപ്പീൻസിലെ അത്തനെയോ ഡി മനില സർവകലാശാലയിൽനിന്നു കാറ്റക്കിസം ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ചിറ്റൂരച്ചൻ സ്‌പെഷ്യൽ എഡ്യുക്കേഷനിലും സ്‌കൂൾ ഗൈഡൻസ് ഓർഗനൈസേഷനിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
ആരോഗ്യരംഗത്തും പാരമ്പര്യ ഔഷധവിജ്ഞാന മേഖലയിലും അച്ചൻ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. ബംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ ഹെർബൽ മെഡിസിനിൽ വിസിറ്റിംഗ് പ്രഫസറായും ഹൈദരാബാദിലെ സിഎച്ച്എഐ കൺസൾട്ടന്റായും പ്രവർത്തിച്ച അദ്ദേഹം പാരമ്പര്യ അറിവുകൾ പകർന്നുനൽകുന്നതിന് ഗ്രാമങ്ങളിൽ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചിരുന്നു.
കർണാടകയിലെ ഹാൻഡ് പോസ്റ്റിലെ ‘ജീവധാരു’ ആയുർവേദ ചികിത്സാകേന്ദ്രത്തിൻെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചിറ്റൂരച്ചന്റെ പ്രയത്‌നവും ആത്മസമർപ്പണവും കഴിവും കൊണ്ടാണ് ‘ജീവധാരു’ നൻമയുടെ മാതൃകയായി വളർന്നത്. നിരവധി ഔഷധസസ്യങ്ങളിലും അവയുടെ ഗുണങ്ങളിലും ശാസ്ത്രീയ വിജ്ഞാനം അച്ചനുണ്ടായിരുന്നു. ഇരുന്നൂറോളം ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവ് മലയാളത്തിലും കന്നഡയിലും പുസ്തക രൂപത്തിലാക്കിയിട്ടുണ്ട്. ഈ വിഷയങ്ങളിൽ റേഡിയോ മാറ്റൊലിയിലൂടെ അച്ചൻ നടത്തിയ പങ്കുവയ്ക്കൽ ഏറെ ശ്രദ്ധേയമായിരുന്നു.
മികച്ച സേവനം മുൻനിർത്തി 2001ൽ ആചാര്യ വിനോബഭാവെ നാഷണൽ അവാർഡും 2008ൽ സിപിസിഐ നാഷണൽ എക്‌സലൻസ് അവാർഡും നൽകി രാജ്യം ഫാ.ചിറ്റൂരിനെ ആദരിച്ചിട്ടുണ്ട്. 2022ൽ ബെസ്റ്റ് പ്രീസ്റ്റ് സോഷ്യൽ വർക്കറിനുള്ള സീറോ മലബാർ സോഷ്യൽ മിനിസ്ട്രി അവാർഡിനും മിഷൻ പ്രദേശങ്ങളിലെ പ്രവർത്തനങ്ങളും ദൈവവിളി രംഗത്തെ സംഭാവനകളും പരിഗണിച്ച് 2024ലെ ജോസഫ് മാലിപ്പറമ്പിൽ അവാർഡിനും അച്ചൻ അർഹനായി. 2019 മുതൽ വിയാനിഭവനിൽ വിശ്രമജീവിതത്തിലായിരുന്നു.








