
ബത്തേരി :ബത്തേരി സബ് ജില്ലാ ശാസ്ത്രമേളയിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് മാതൃക അവതരിപ്പിച്ച് പുൽപ്പള്ളിയുടെ മിടുക്കരായ കൊച്ചുശാസ്ത്രജ്ഞർ സ്റ്റെഫാനോസും കേദാർനാഥും ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറി.
ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡൽ മത്സരത്തിൽ പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ സ്റ്റെഫാനോസ് ബാബുവും, കേദാർനാഥ് എ.എമ്മും ‘ബി’ ഗ്രേഡ് നേടി മികച്ച വിജയം കരസ്ഥമാക്കി.

മലയോര മേഖലകളിൽ ഉണ്ടാകുന്ന ഉരുൾപൊട്ടൽ, മണ്ണടിച്ചിൽ, പാറയിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി കണ്ടെത്താനും കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാനും സഹായിക്കുന്ന ‘ലാൻഡ് സ്ലൈഡ് ഡിറ്റക്ഷൻ സിസ്റ്റം’ എന്ന വർക്കിംഗ് മോഡലാണ് ഇരുവരും ചേർന്ന് അവതരിപ്പിച്ചത്.
ദുരന്തസാധ്യതകൾ മുൻകൂട്ടി മനസ്സിലാക്കാൻ സഹായിക്കുന്ന ഈ നൂതന സാങ്കേതികവിദ്യ സദസ്സിന്റെയും, വിധികർത്താക്കളുടെയും പ്രത്യേക പ്രശംസ പിടിച്ചുപറ്റി.പുൽപ്പള്ളി ചിരക്കകുടിയിൽ ബാബു – ആശ ദമ്പതികളുടെ മകനാണ് സ്റ്റെഫാനോസ്.പുൽപ്പള്ളി മൊതിരോട്ടുകുന്ന് അനൂജ് – ബാസുര മോൾ ദമ്പതികളുടെ മകനാണ് കേദാർനാഥ്.








