
കൽപ്പറ്റ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലപ്പുറം, വേങ്ങാട്, മൂർഖനാട്, മമ്മാറൻ വീട്ടിൽ, എം. ജലീൽ(35)നെയാണ് ബുധനാഴ്ച പാലക്കാട് ഒലവക്കോട് വെച്ച് വയനാട് സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് (SMS)പിടികൂടിയത്. കേസെടുത്ത വിവരം അറിഞ്ഞതിനെ തുടർന്ന് പ്രതി ആന്ധ്രാപ്രദേശ് വഴി ഒഡീഷയിലേക്ക് കടന്നുകളഞ്ഞിരുന്നു. തുടർന്ന് കൊച്ചിയിൽ എത്തിയ പ്രതി തിരികെ പോകുന്നതിനിടെയാണ് വലയിലായത്. ഇയാൾ നിരവധി ലഹരി കേസുകളിൽ പ്രതിയാണ്.
വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഉന്നതിയിലെ പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി, പടിഞ്ഞാറത്തറയിലെ ഒരു റിസോർട്ടിലും മൈസൂരിലെ ഒരു ഹോട്ടലിലും വെച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്ന പരാതിയെ തുടർന്ന് വൈത്തിരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം വയനാട് സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ന് കൈമാറുകയും എസ്.എം.എസ് ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.

ലഹരി കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിലും ആന്ധ്രാപ്രദേശ്, ഒഡീഷ, ബംഗളൂരു, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലും പ്രതിക്ക് ബന്ധങ്ങളുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 85 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച് കേരളത്തിലേക്ക് കടത്തുന്നതിനിടയിൽ കർണാടകയിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായും മൈസൂർ സെഷൻസ് കോടതിയിൽ വിചാരണ നേരിട്ടുവരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മാത്രം ഏകദേശം അഞ്ച് കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ട്.
ഡിവൈ.എസ്.പി ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ ആന്റണി, എ.എസ്.ഐമാരായ ബിജു വർഗീസ്, ബിന്ദു, ബൈജു എസ്.സി.പി.ഒമാരായ ഷാലു ഫ്രാൻസീസ്, ജിയോ തോമസ് എന്നിവർ ഉൾപ്പെടുന്നു.








