ചൂരൽമല – മുണ്ടക്കൈ ദുരന്തം; പി.ടി.എച്ച് തുടർ ചികിത്സാ പദ്ധതി വ്യാഴാഴ്ച ആരംഭിക്കും. ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച (ഫെബ്രുവരി 5)
കൽപറ്റ: ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച തുടർ ചികിത്സാ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാവുമെന്ന് പി.ടി.എച്ച് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർട്ടിക്ക് കീഴിലെ സാന്ത്വന പരിചരണ വിഭാഗമായ പുക്കോയ തങ്ങൾ ഹോസ്പിസാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിക്കായി 25 ലക്ഷം രൂപ സംസ്ഥാന മുസ് ലിം ലീഗ് കമ്മിറ്റി അനുവദിച്ചിട്ടുണ്ട്. പദ്ധതി ആരംഭിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
2024 ജൂലൈ 30 ന് പുലർച്ചെ ദുരന്തം ഉണ്ടായത് മുതൽ മുസ്ലിം ലീഗ് പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ചൂരൽ മലയിലെ തകർന്ന പാലത്തിനു മുകളിലൂടെ സിപ് ലൈൻ വഴി മുണ്ടക്കൈ ഭാഗത്തുള്ള ദുരിതബാധിതർക്ക് ഭക്ഷണവും മരുന്നും പ്രഥമ ശുശ്രൂഷയും നൽകിയ 5 പേരിൽ 4 പേരും പൂക്കോയ തങ്ങൾ ഹോസ്പിസിൻ്റെ പാലിയേറ്റീവ് കെയർ നഴ്സുമാരും വളണ്ടിയർമാരും ആയിരുന്നു.
ഒന്നാം ഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം സപ്തംബർ 29 ന് പി.ടി.എച്ചിൻ്റെ നേതൃത്യത്തിൽ ഏകദിന മെഗാ ഹോം കെയർ ഡ്രൈവ് നടത്തിയിരുന്നു. പി ടി എച്ചിൻ്റെ സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള 34 ഹോം കെയർ വാഹനങ്ങളിലായി 34 നഴ്സുമാർ, സൈക്കോളജിസ്റ്റുകൾ, പരിശീലനം ലഭിച്ച വളണ്ടിയർമാർ, ഡോക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഹോം കെയറിൻ്റെ അപഗ്രഥന റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലും കൂടി യാണ് തുടർ ചികിത്സാ പദ്ധതി ഇത്രയും വ്യവസ്ഥാപിതമാക്കാൻ തീരുമാനിച്ചത്. പ്രസ്തുത റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 80% ആളുകൾ Scatter ചെയ്യപ്പെട്ടിട്ടുണ്ട്.73% ന് കുടുംബത്തിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. 20 % പേർക്ക് കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. 40 % പേരും പ്രമേഹ ബാധിതരാണ്. 28% മനുഷ്യർക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്. 50 % പേർ ഇപ്പോഴും പല വിധ വേദനകൊണ്ട് പ്രയാസപ്പെടുന്നുണ്ട്. 45 % മനുഷ്യർക്ക് ഇപ്പോഴും ശരിയായ ഉറക്കം ലഭിക്കാറില്ല. മെഗാ ഹോം കെയർ റിപ്പോർട്ട് ഇക്കാര്യം വളരെ വ്യക്തമായി വരച്ച് കാണിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തുടർ ചികിത്സാ പദ്ധതിയുടെ വിപുലമായ രൂപരേഖ തയാറാക്കിയത്. ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ നിലവിൽ ദീർഘകാലമായി മരുന്നുകൾ കഴിക്കുന്നവരും അപകടത്തിൽ പരിക്ക് പറ്റിയവരും മാത്രമാണ് ഈ പദ്ധതിയിലെ ഗുണഭോക്താക്കളാവുക.
ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി പാലക്കുന്നുമ്മൽ അഷ്താഖ് സംഭാവന നൽകിയ ഹോം കെയർ വാഹനവും ഓഫീസും എല്ലാം പ്രവർത്തന സജ്ജമാണ്. കൂടാതെ ഗൃഹ കേന്ദ്രീകൃത പരിചരണനത്തിനാവശ്യമായ ഡോക്ടർ, നഴ്സ്, വളണ്ടിയർമാർ, മരുന്നുകൾ ഉൾപ്പെടെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. തുടർ ചികിത്സയുടെ ഭാഗമായി ഗൃഹ കേന്ദ്രീകൃത പരിചരണത്തോടൊപ്പം ആവശ്യമായ കേസുകളിൽ വിദഗ്ധ ചികിത്സ നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശമനുസരിച്ച് ആരോഗ്യ ഇൻഷുറൻസ് പോളിസി പദ്ധതിയെ കുറിച്ചും ആലോചിക്കുന്നുണ്ട്.
ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് 4 ന് എമിലിലെ പാലക്കുന്നിൽ ടവറിൽ നടക്കും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി ടി എച്ച് സംസ്ഥാന കോർഡിനേറ്റർ & സി എഫ് ഒ ഡോ എം എ അമീറലി പദ്ധതി വിശദീകരിക്കും. മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ സി മമ്മൂട്ടി, കെ എം ഷാജി, ഉപസമിതി ചെയർമാൻ പി കെ ബഷീർ എം എൽ എ , ജില്ലാ ഭാരവാഹികളായ കെ കെ അഹമ്മദ് ഹാജി, ടി മുഹമ്മദ്, പി ടി എച്ച് സംസ്ഥാന സമിതി ട്രഷറർ വി എം ഉമ്മർ മാസ്റ്റർ പി കെ ഫിറോസ്, ഇസ്മായിൽ വയനാട്, ടി പി എം ജിഷാൻ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ പി ടി എച്ച് ജില്ലാ കൺവീനർ സമദ് കണ്ണിയൻ, തുടർ ചികിത്സാ ഉപസമിതി കൺവീനർ കെ ടി കുഞ്ഞബ്ദുല്ല,ട്രഷറർ സലീം പാലക്കുന്നിൽ എന്നിവർ സംബന്ധിച്ചു.
Average Rating