ദുരന്തങ്ങളിൽ നിന്ന് പാഠമുൾകൊള്ളുകയാണ് വിശ്വാസിയുടെ സ്വഭാവം: കാന്തപുരം
കൽപ്പറ്റ: ദുരന്തങ്ങളിൽ നിന്ന് പാഠമുൾകൊള്ളുകയാണ് വിശ്വാസിയുടെ സ്വഭാവമെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോസ് ആഞ്ചലസിലെ കാട്ടുതീ ദുരന്തത്തിൽ കോടിക്കണക്കിന് ബില്യൻ ഡോളർ മുതലുകൾ കത്തിനശിക്കുന്നത് സൂചിപ്പിച്ച് ദുരന്തങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് ജീവിതം ക്രമപ്പെടുത്തുന്നതിന്റെ പ്രാധാന്യം അദ്ദേഹം ഓർമപ്പെടുത്തി. മറ്റുള്ളവർക്കുണ്ടാകുന്ന ദുരന്തങ്ങളിലും വേദനകളിലും സന്തോഷിക്കുന്നത് മാനുഷികമല്ല. ഗസ്സയിലെ വംശഹത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുദ്ധങ്ങളിലും പൊലിയുന്നത് കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ള പതിനായിരക്കണക്കിന് മനുഷ്യജീവനുകളാണ്. ഗസ്സയിലെ കൂട്ടക്കുരുതിക്ക് പണവും ആയുധവും നൽകുന്ന അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദുരന്തങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാനും ഭരണകാര്യങ്ങളിൽ തിരുത്തലുകൾ വരുത്തി മാനവികമായ സമീപനങ്ങൾ സ്വീകരിക്കാനും തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. 2025-2026 സംഘടന വർഷത്തിലേക്കുള്ള സംസ്ഥാന ഭാരവാഹികളെ അദ്ദേഹം പ്രഖ്യാപിച്ചു.
പ്രസിഡൻ്റായി സയ്യിദ് മുനീറുൽ അഹ്ദൽ അഹ്സനി, ജനറൽ സെക്രട്ടറിയായി ഡോ. ടി അബൂബക്കർ, ഫിനാൻസ് സെക്രട്ടറിയായി മുഹമ്മദ് അനസ് അമാനി കാമിൽ സഖാഫി, സെക്രട്ടറിമാരായി പി മുഹമ്മദ് ജാബിർ, സി എം സ്വാബിർ സഖാഫി, പി വി ശുഐബ്, കെ മുഹമ്മദ് ബാസിം നൂറാനി, സി കെ എം റഫീഖ്, എസ് ഷമീർ, സി കെ എം ഷാഫി സഖാഫി, കെ പി മുഹമ്മദ് അനസ്, ടി പി സൈഫുദ്ദീൻ, മുനവ്വിർ അമാനി കാമിൽ സഖാഫി, അഹ്മദ് റാസി സി എ, സി ഹാരിസ് റഹ്മാൻ, സി എം ജാഫർ എന്നിവരേയും സെക്രട്ടറിയേറ്റ് അംഗങ്ങളായി എം എസ് ഷാജഹാൻ സഖാഫി, അബ്ദുല്ല ബുഖാരി എന്നിവർ ചുമതലയേറ്റു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, ടി എ അലി അക്ബർ തൃശ്ശൂർ, സി എൻ ജാഫർ സ്വാദിഖ്, ഫിർദൗസ് സുറൈജി സഖാഫി, സി ആർ കെ മുഹമ്മദ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കൽപ്പറ്റ നഗരത്തിൽ നടന്ന റാലിയോടെ സമ്മേളനം സമാപിച്ചു.
ഫോട്ടോ 1 : കൽപറ്റയിൽ നടന്ന എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
ഫോട്ടോ 2 : എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് കൽപ്പറ്റയിൽ നടന്ന പ്രതിനിധി റാലി
Average Rating