April 6, 2025

പ്രീയങ്കാ ഗാന്ധി വയനാടൻ ജനതയോട് മാപ്പ് പറയണം; ഇ ജെ ബാബു

കൽപറ്റ: വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുക്കാതെ മാറിനിന്ന വയനാട് എം പി പ്രീയങ്കാ ഗാന്ധി വോട്ട് ചെയ്ത് വിജയിപ്പിച്ച വയനാടൻ ജനതയോട് മാപ്പ് പറയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് വലിയ ഭൂരിപക്ഷത്തിന് പ്രീയങ്കാ ഗാന്ധിയെ വയനാട്ടിലെ ജനങ്ങൾ വിജയിപ്പിച്ചത്. വൻ വിജയം നൽകിയ ജനങ്ങളുടെ മുഖത്തേറ്റ പ്രഹരമാണ് പ്രീയങ്ക ഗാന്ധിയുടെ നടപടി. രാജ്യത്തിന്റെ മതേതര നിലപാടിനെയും ഭരണഘടന ഉറപ്പ് നൽകുന്ന ന്യൂനപക്ഷ അവകാശ സംരക്ഷണത്തെയുമെല്ലാം അട്ടിമറിച്ചാണ് വഖഫ് ഭേദഗതി ബിൽ ബിജെപി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. രാജ്യത്തെ മതേതര ശക്തികളെല്ലാം ബിജെപി സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന അംഗീകരിച്ച് കേരള നിയമസഭ ബില്ലിനെതിരായ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ബിൽ പാസാകുന്നതോടെ കേരളത്തിന്റെ പ്രമേയം അറബിക്കടലിൽ എന്നാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചത്. ഇതിനെതിരെ പോലും ഒരക്ഷരം എതിർത്ത് പറയാൻ പോലും വയനാട്ടിൽ നിന്നുള്ള എം പി ലോക്സഭയിൽ ഹാജരായിരുന്നില്ല എന്നതും പ്രതിഷധാർഹമാണെന്നു കോൺഗ്രസിന്റെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയണമെന്നും ഇ ജെ ബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *