April 3, 2025

ശ്രീനാരായണ ഗുരുദേവദർശനം സ്വച്ഛജീവിതത്തിന് പര്യാപ്തംച സ്വാമി ഗുരു പ്രസാദ്

 

പുൽപ്പള്ളി ശ്രീനാരായണ ഗുരുദേവന്റെ മഹിതമായ ഉദ്ബോധനങ്ങളും ദർശനങ്ങളും മാനവരാശിയുടെ സ്വച്ഛജീവിതത്തിന് പര്യാപ്തമാണെന്ന് ശിവഗിരി മഠം സന്യാസി ശ്രീമദ് ഗുരുപ്രസാദ് സ്വാമികൾ അഭിപ്രായപ്പെട്ടു. 1305 സെന്റർ പുൽപ്പള്ളി എസ്എൻഡിപി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ, സ്വച്ഛജീവിതം ഗുരുദർശനത്തിലൂടെ എന്ന വിഷയത്തിൽ പുൽപ്പള്ളി ശ്രീനാരായണ ബാലവിഹാറിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുദേവൻ നമുക്ക് പകർന്നു തന്ന ശുദ്ധിപഞ്ചകവും ധർമ്മപഞ്ചകവും പഞ്ചമഹായജ്ഞവും ജീവിതത്തിൽ അനുഷ്ഠിക്കുകയാണെങ്കിൽ സ്വച്ഛമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിന് നമുക്ക് സാധിക്കും. ഗുരുദേവന്റെ ദർശനം ഏക ലോക ദർശനമാണ്. ജാതിമത ഭേദമന്യേ ലോകത്തെല്ലാവർക്കും സമാശ്രയിക്കാവുന്ന മഹിതമായ തത്വ ദർശനം. എല്ലാവരും ഒരേയൊരു പരമാത്മാവിന്റെ അംശമായ ജീവാത്മാക്കളാണെന്ന തത്വ ബോധമാണ് ഗുരുദേവൻ ലോകത്തിന് നൽകിയത്. മറ്റ് ലോക ഗുരുക്കന്മാരിൽ നിന്നൊക്കെ വ്യത്യസ്തമായി മനുഷ്യജീവിതത്തിന്റെ സ്പന്ദനം അറിഞ്ഞ്, ആധ്യാത്മിക അടിത്തറയോടു കൂടി ഭൗതികജീവിതത്തിലൂടെയും പരമപുരുഷാർത്ഥമായ മോക്ഷത്തെ പ്രാപിക്കാം എന്ന് ഗുരു പഠിപ്പിച്ചു. അതുതന്നെയാണ് ഗുരുവിന്റെ പ്രത്യേകതയും മഹത്വവുമെന്നും ഗുരു പ്രസാദ് സ്വാമികൾ പറഞ്ഞു.

ഗുരുദർശനം കാലാതിവർത്തിയാണ്. വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻ താൻ ഭേദാദികൾ കൈവിട്ട് ജയിപ്പൂ ഗുരു മൂർത്തേ എന്ന് കുമാരനാശാൻ പാടിയ പോലെ, വേദങ്ങളുടെയും ആഗമങ്ങളുടെയും സാരത്തെ അറിഞ്ഞ ഗുരു അതിലെ ഭേദത്തെ കൈവിടുകയായിരുന്നു. ഗുരു മനുഷ്യ മനസ്സുകളിലേക്ക് പകർന്നു നൽകിയ ഈ അറിവ് എല്ലാവരിലും ഉണ്ടാകണം.
ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ ഇല്ലാതെ എല്ലാവർക്കും സമാശ്രയിക്കാവുന്ന മഹിതമായ ദർശനമാണ് അദ്വൈത ദർശനം എന്ന് വളരെ ലളിതമായ ഭാഷയിൽ, പച്ചയായ മനുഷ്യന്റെ സ്പന്ദനമറിഞ്ഞ ഗുരു നമ്മെ പഠിപ്പിച്ചു. അതാണ് സ്വച്ഛജീവിതം എന്ന് മനസ്സിലാക്കിത്തരികയും ചെയ്തു. ഗുരുദർശനത്തിൽ അധിഷ്ഠിതമായി ജീവിക്കുവാൻ നമുക്ക് സാധിക്കുമ്പോൾ സ്വച്ഛ ജീവിതം നയിക്കുവാൻ നമുക്ക് സാധിക്കുമെന്നും ഗുരുപ്രസാദ് സ്വാമികൾ പറഞ്ഞു.

സെന്റർ പുൽപ്പള്ളി ശാഖ പ്രസിഡന്റ് പി എൻ ശിവൻ അധ്യക്ഷത വഹിച്ചു. സ്വാമിനി മാതാ നാരായണ ചൈതന്യമയി അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. എഴുത്തുകാരനും ഗാന്ധിയനുമായ റെജി നളന്ദ അടിമാലി ഗുരു – ഗാന്ധിജി സംഗമ ശതാബ്ദി സന്ദേശം നൽകി. വിവിധ മേഖലകളിൽ മികവ് നേടിയവരെ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ ചടങ്ങിൽ ആദരിച്ചു. മലനാട് റിപ്പോർട്ടർ സി ഡി ബാബു, മാതൃഭൂമി ലേഖകൻ അരവിന്ദ് സി പ്രസാദ്, മുള്ളൻകൊല്ലി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ രമ്യ അയനാട്ട്, ഡോക്ടർ ഹൃതിക് ബാബു, ശില്പിയും ചിത്രകാരനുമായ സുരേഷ് കൃഷ്ണ പാലക്കാപറമ്പിൽ എന്നിവരെയാണ് ആദരിച്ചത്. ശാഖാ യോഗം സെക്രട്ടറി കെ ആർ ജയരാജ്, ഭാരവാഹികളായ ചന്ദ്രൻ പാലക്കാടൻ മോഹനൻ കാവും പറമ്പിൽ സുരേന്ദ്രൻ കുണ്ടിൽ അനീഷ് മേത്തുരുത്തിൽ പ്രവീൺ കളരിക്കൽ സി ഡി സുധീഷ് പൈക്കുടിയിൽ മനൂപ് പുള്ളോലിക്കൽ ഓമന കൂഞ്ഞംപ്ലാക്കൽ പ്രദീപ് പന്തംമാക്കൽ എം ആർ അജികുമാർ മോഹൻദാസ് കിഴക്കേപുത്തൻപുര മനോജ് ഇല്ലിക്കൽ എന്നിവർ സംസാരിച്ചു. ഗുരുദേവ കൃതികളുടെ ആലാപനം, ഗുരു പുഷ്പാഞ്ജലി,വിശേഷാൽ ഗുരുപൂജ എന്നിവയും ഇതോടനുബന്ധിച്ച് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *