
ഗോകുലിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണം: കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18 വയസ്സുകാരൻ ഗോകുൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ ഗുരുതര വീഴ്ചയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. 26 ആം തീയതി കാണാതായ യുവാവിനെയും യുവാവിന്റെ കൂടെ ഒരു പെൺകുട്ടിയെയും കോഴിക്കോട് പുതിയ സ്റ്റാൻഡ് പരിസരത്തു നിന്നും കണ്ടെത്തുകയും കോഴിക്കോട് നിന്നും പോലീസ് രണ്ടുപേരെയും കൽപ്പറ്റ പോലീസിന് കൈമാറുകയും രാത്രി 10 30 മണിക്ക് കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു എന്നാണ് പോലീസ് നൽകുന്ന വിശദീകരണം. രാത്രി 10 30 മണിക്ക് പോലീസ് സ്റ്റേഷനിൽ എത്തിയിട്ടും ഗോകുലിന്റെ കുടുംബത്തിന് അറിയിക്കാനൊ, ആദിവാസി പ്രമോട്ടറേ അറിയിക്കാനോ, വാർഡ് മെമ്പറെ അറിയിക്കാനൊ, കോടതിയിൽ ഹാജരാക്കാണോ പോലീസിന് എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ പി പി ആലി പറഞ്ഞു. ശുചിമുറിയിൽ ഗോകുൽ തൂങ്ങിമരിച്ചു എന്നുള്ള പോലീസിന്റെ വിശദീകരണം ശരിയാണോ എന്ന് പൊതു സമൂഹത്തിന് മനസ്സിലാക്കുന്നതിന് വേണ്ടി സ്റ്റേഷനിലെ സിസിടിവി കാണിച്ചു തരണമെന്ന് പോലീസ് സ്റ്റേഷന്റെ പരിസരത്ത് തടിച്ചുകൂടിയ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ആവശ്യപെട്ടിട്ടും പോലീസ് തയ്യാറായില്ല. അതുകൊണ്ട് ഗോകുലിന്റെ മരണത്തിലെ ദുരൂഹത പോലീസിന്റെ ഉന്നതല ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ, അധ്യക്ഷത വഹിച്ചു,അഡ്വ: ടി ജെ ഐസക്, ബി സുരേഷ് ബാബു, ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബാലൻ, കെ കെ രാജേന്ദ്രൻ,ഹർഷൽ കോന്നാടൻ, എസ് മണി, മുഹമ്മദ് ഫെബിൻ,കെ ശശികുമാർ, മുബരീഷ് ആയ്യാർ,ജോൺ മാതാ,രമേശൻ മാണിക്യൻ തുടങ്ങിയവർ സംസാരിച്ചു