
ഉരുൾദുരന്തം: വെള്ളാർമല സ്‌ക്കൂളിനായി പുത്തൻ ക്ലാസ് മുറികൾ കൈമാറി

കൽപ്പറ്റ: ഉരുൾപൊട്ടലിൽ സ്‌ക്കൂൾ നഷ്ടപ്പെട്ട വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ വിദ്യാർഥികൾക്കായി മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌ക്കൂളിൽ നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ) യാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികളും ശുചിമുറികളും നിർമിച്ചു നൽകിയത്.
ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷം വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌ക്കൂൾ മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌ക്കൂളിലാണ് പ്രവർത്തിക്കുന്നത്. ഇവർക്കായി ബിഎഐ നിർമിച്ച എട്ട് ക്ലാസ് മുറികളുടെയും 10 ശുചിമുറികളുടെയും ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. മൂന്ന് കോടി ചെലവഴിച്ച് 12 ക്ലാസ് മുറികളും 16 ശുചിമുറികളുമാണ് ബിഎഐ നിർമിച്ചു നൽകുന്നത്. നാല് ക്ലാസ് മുറികളുടെയും ആറ് ശുചിമുറികളുടെയും നിർമാണം ഏപ്രിൽ അവസാനത്തോടെ പൂർത്തിയാവും.

ചടങ്ങിൽ മന്ത്രി ഒ ആർ കേളു അധ്യക്ഷനായി. എംഎൽഎ ടി സിദ്ധിഖ് മുഖ്യാതിഥിയായി. എഡിഎം കെ ദേവകി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, ബിഎഐ സംസ്ഥാന ചെയർമാൻ പിഎൻ സുരേഷ്, സംസ്ഥാന സെക്രട്ടറി മിജോയ് കെ മാമു, സംസ്ഥാന ട്രഷറർ കെ സതീഷ് കുമാർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്ര വ്യാസ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു കെ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ, ബിഎഐ നിയുക്ത ചെയർമാൻ ജോൺസൺ കെ എ, വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌ക്കൂൾ പ്രിൻസിപ്പൽ ഭവ്യ ലാൽ, സ്‌ക്കൂൾ പിടിഎ പ്രസിഡന്റ് നജ്മുദീൻ ടികെ, മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌ക്കൂൾ പ്രിൻസിപ്പൽ ജെസി പെരേര, സ്‌ക്കൂൾ പിടിഎ പ്രസിഡന്റ് ജിതിൻ കണ്ടോത്ത്, മാധുരി കെജി, ബിഎഐ കാലിക്കറ്റ് സെന്റർ ചെയർമാൻ സുബൈർ കൊളക്കാടൻ, കാലിക്കറ്റ് സെന്റർ സെക്രട്ടറി ശ്രീജിത്ത് പിഎം, കാലിക്കറ്റ് സെന്റർ ട്രഷറർ രമേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ 22 സെന്ററുകളിൽ നിന്നായി 100 പ്രതിനിധികൾ പങ്കെടുത്തു.
വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ എൽപി, യുപി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിലായി 460 വിദ്യാർഥികളും പ്ലസ്ടു വിഭാഗത്തിൽ 90 വിദ്യാർഥികളുമാണുള്ളത്. ഒന്നാം ക്ലാസു മുതൽ പത്താം ക്ലാസു വരെ 17 ഡിവിഷനുകളും പ്ലസ്ടുവിന് നാല് ഡിവിഷനുകളുമുണ്ട്.