April 1, 2025

കോടികൾ പൊടിച്ചുള്ള സർക്കാരിന്റെ വാർഷികാഘോഷ പരിപാടി ദുരന്തബാധിതരോടുള്ള വെല്ലുവിളി: യൂത്ത്‌കോൺഗ്രസ്

കൽപ്പറ്റ:ചൂരൽമല-മുണ്ടക്കൈ ഉരുൾദുരന്തം നടന്നിട്ട് ഒരു വർഷം പോലുമാകുന്നതിന് മുമ്പെ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ പേരിൽ കൽപ്പറ്റയിൽ കോടികൾ പൊടിച്ച് നടത്തുന്ന പരിപാടികൾ ദുരന്തബാധിതരോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് യൂത്ത്‌കോൺഗ്രസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് എട്ടുമാസം കഴിഞ്ഞിട്ടും ടൗൺഷിപ്പിന് തറക്കല്ലിട്ടതൊഴിച്ചാൽ പുനരധിവാസവുമായി ബന്ധപ്പെട്ട് കാര്യമായ ഒരു പുരോഗതിയൊന്നുമുണ്ടായിട്ടില്ല. 10 സെന്റ് സ്ഥലം വേണമെന്ന ദുരന്തബാധിതരുടെ ആവശ്യം അഗീകരിക്കാതെ ഏഴ് സെന്റിലൊതുക്കി. ടൗൺഷിപ്പിൽ വീട് ആവശ്യമില്ലാത്തവർക്ക് 40 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യവും സർക്കാർ തിരസ്‌ക്കരിച്ചു. 15 ലക്ഷം രൂപയാണ് നിലവിൽ നൽകാൻ തീരുമാനിച്ചിട്ടുള്ളത്. ദുരന്തബാധിതരുടെ തുടർചികിത്സക്കായി നീക്കിവെച്ചിരിക്കുന്നത് നാമമാത്രമായ തുകയാണ്. ഉത്തരവ് ലഭിക്കാത്തതിന്റെ പേരിൽ 300 രൂപ ദിനബത്തയും മുടങ്ങികിടക്കുകയാണ്. ഇതിന് പുറമെ ഇപ്പോഴുംപടവെട്ടിക്കുന്ന് ഉൾപ്പെടെയുള്ള പ്രദേശത്തെ ആളുകൾ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. പാടികളിൽ താമസിച്ചിരുന്നവരുടെയും അവസ്ഥ സമാനമാണ്. ഒരു മഴക്കാലം തൊട്ടരികിലെത്തി നിൽക്കുമ്പോഴും ഇവരുടെയൊന്നും കാര്യത്തിൽ ഒരു തീരുമാനവുമായിട്ടില്ല. ഈ സാഹചര്യത്തിൽ വാർഷികാഘോഷത്തിന് നീക്കിവെച്ചിട്ടുള്ള തുക ദുരന്തബാധിതർക്കായി ചിലവഴിക്കുകയാണ് വേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. വ്യക്തികളും, സ്ഥാപനങ്ങളും, സംഘടനകളും, രാഷ്ട്രീയപാർട്ടികളും, വിവിധ കൂട്ടായ്മകളുമെല്ലാം ദുരന്തബാധിർക്കായി തങ്ങളാൽ കഴിയുന്ന വിധത്തിൽ സഹായങ്ങൾ നൽകികൊണ്ടിരിക്കുകയാണ്. എല്ലാവരും ഒറ്റക്കെട്ടായി ദുരന്തബാധിതരെ അതിജീവനവഴിയിലേക്ക് മടക്കിക്കൊണ്ടുവരാൻ കഠിനപ്രയത്‌നം നടത്തിക്കൊണ്ടിരിക്കുമ്പോൾ ജനങ്ങളുടെ നികുതിപ്പണം പൊടിച്ചുകൊണ്ടുള്ള വാർഷിക പരിപാടി കൽപ്പറ്റയിൽ നടത്തുന്നത് ഒരു രീതിയിലും അംഗീകരിക്കാനാവില്ല. മാതൃക കാട്ടേണ്ട സർക്കാർ തന്നെ എല്ലാം നഷ്ടപ്പെട്ട ദുരന്തബാധിതരുടെ മൂക്കിന് താഴെ കോടികൾ പൊടിച്ച് പ്രദർശനവും മേളയും നടത്തുന്നതിനോട് ഒരു കാരണവശാലും യോജിക്കാനാവില്ലെന്നും, വയനാട്ടിൽ പരിപാടിയുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ അതിശക്തമായ പ്രതിഷേധങ്ങൾക്ക് യൂത്ത്‌കോൺഗ്രസ് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹർഷൽ കോന്നാടൻ, ബിൻഷാദ് കെ ബഷീർ, മുത്തലിബ് പഞ്ചാര, അനീഷ് റാട്ടക്കുണ്ട്, രോഹിത് ബോധി, ജിബിൻ മാമ്പള്ളി തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *