April 1, 2025

വിഷ്ണുവിനും കുഞ്ഞവറാനും വീടായി: പ്രിയങ്ക താക്കോൽ കൈമാറി

 

 

കൽപറ്റ: രണ്ട് സംസ്ഥാന കായികമേളകളിലായി നാലു മെഡലുകൾ, ചെറുതും വലുതുമായി നിരവധി നേട്ടങ്ങളുടെ പടികൾ കയറുമ്പോഴും സ്വന്തമായി ഒരു വീടെന്നത് വയനാട് മുണ്ടക്കൊല്ലി ഉന്നതിയിലെ എം കെ വിഷ്ണുവിന് സ്വപ്‌നം മാത്രമായിരുന്നു. 2019 സംസ്ഥാന സ്‌കൂൾ കായികമേളയിൽ ട്രാക്കിൽ തീ പടർത്തിയ വിഷ്ണു ആ വർഷം രണ്ട് സ്വർണം ഉൾപ്പെടെ മൂന്ന് മെഡലുകളാണ് നേടിയത്. തിരുവനന്തപുരം അയ്യങ്കാളി സ്പോർട്സ് സ്‌കൂളിലെ വിദ്യാർഥിയായിരുന്ന വിഷ്ണുവിന് സ്വന്തമായി വീടില്ലാത്തതിനാൽ അമ്മായിമാരായ തങ്കി, ചിമ്പി എന്നിവരുടെ കൂരകളിൽ മാറിമാറി താമസിക്കേണ്ട അവസ്ഥയായിരുന്നു. അന്നത്തെ സംസ്ഥാന പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ വിഷ്ണുവിന് വീടു വച്ചു നൽകുമെന്നത് ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. ജീവിതത്തിൽ ഒരുപാട് പ്രതീക്ഷകൾ സമ്മാനിച്ച കായികമേളകളിൽ നിന്നു പടിയിറങ്ങുമ്പോഴും വീട് എന്ന സ്വപ്‌നം വിഷ്ണുവിന് കിട്ടാക്കനിയായിരുന്നു. വീടെന്ന സ്വപ്നം ഉപേക്ഷിച്ചു തുടങ്ങിയിടത്ത് നിന്നാണ് എം പിയിലൂടെ വീണ്ടും പ്രതീക്ഷയുയരുന്നത്. വിഷ്ണുവിന്റെ ജീവിതസാഹചര്യമറിഞ്ഞ രാഹുൽഗാന്ധി എം പി കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി അന്ന് വീട് വച്ച് നൽകാൻ നിർദേശം നൽകുകയായിരുന്നു. 2023ൽ നാലു സെന്റ് സ്ഥലം വാങ്ങി നൽകുകയും, അതിൽ അതിമനോഹരമായ വീടിന്റെയും പണി പൂർത്തീയാക്കുകയും ചെയ്തു. വണ്ടൂർ കെ ടി കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പ്രിയങ്ക ഗാന്ധി എം പി വിഷ്ണുവിന് വീടിന്റെ താക്കോൽ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *