
പുൽപള്ളി ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

പുൽപള്ളി: പുൽപള്ളി ഗ്രാമപഞ്ചായത്ത് അഭിമാനാർഹമായ പദ്ധതികളാണു നടപ്പിലാക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി എംപി. ലൈഫ് ഭവന പദ്ധതിയിൽ അഞ്ഞൂറിലേറെ വീടുകൾ, മൊബൈൽ വെറ്ററിനറി യൂണിറ്റ്, പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള കെട്ടിടം, തൊഴിലുറപ്പ് പദ്ധതിയിൽ പതിനാലര കോടി രൂപ ചെലവഴിക്കാനായത് ഉൾപ്പെടെ നിരവധി പദ്ധതികളാണു ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയതെന്നും എം പി പറഞ്ഞു. പുൽപള്ളി ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രിയങ്ക. മൂന്നര വർഷത്തെ കഠിനപ്രയത്‌നമാണ് ഈ കെട്ടിടത്തിനു പിന്നിലുള്ളത്. ഒരു കെട്ടിടത്തിൽ തന്നെ വിവിധ വകുപ്പുകളുടെ ഓഫിസുകളടക്കം എല്ലാവിധ സൗകര്യങ്ങളും എളുപ്പത്തിൽ ലഭിക്കുന്ന സാഹചര്യമാണുള്ളതെന്നും എം പി പറഞ്ഞു. ഉരുൾ ദുരന്ത സമയത്ത് വളരെ വിഷമത്തിലും വേദനയിലും കഴിഞ്ഞപ്പോഴും എല്ലാവരും ഒരുമിച്ചു ദുരന്ത ബാധിതർക്കായി പ്രവർത്തിക്കുന്നത് ശ്രദ്ധിച്ചിരുന്നു. അന്ന് രാഹുൽഗാന്ധിയോടൊപ്പം പഞ്ചായത്ത് തലത്തിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നു. അന്ന് യോഗത്തിനു തൊട്ടുമുമ്പ് രാഹുൽഗാന്ധി പറഞ്ഞത് കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളെ കുറിച്ചായിരുന്നു. പഞ്ചായത്ത് അംഗങ്ങളുടെ കൈവിരൽ തുമ്പിലെന്ന പോലെ ദുരന്തബാധിതരെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് സമയത്തും ഏത് മുന്നണിയായാലും വളരെ സജീവമായി പ്രവർത്തിക്കുന്നതും ശ്രദ്ധിച്ചിരുന്നു. ജനാധിപത്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള കഠിന പ്രയത്‌നമാണ് അന്ന് കാണാനായത്. വയനാടിനെ സംബന്ധിച്ച് നിരവധി പ്രതിസന്ധികളാണുള്ളത്. അതിലൊന്നാണ് മനുഷ്യ-വന്യജീവി സംഘർഷം. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധി മനുഷ്യർക്കാണുജീവൻ നഷ്ടമായത്. ജീവനും ജീവിതോപാദിയും വന്യമൃഗങ്ങൾ നശിപ്പിക്കുന്ന അവസ്ഥയാണ്. ഈ വിഷയം ജില്ലാ കലക്ടറുമായി സംസാരിച്ചിരുന്നു. നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചെല്ലാം ചോദിച്ചിരുന്നു. പ്രസ്തുത വിഷയം ലോക്‌സഭയിൽ ഉന്നയിച്ചു. കഠിനമായ പ്രയത്‌നം ആവശ്യമുള്ള വിഷയമാണിത്. ഈ വിഷയത്തിന് ഒരുമിച്ചു നിന്നു പരിഹാരം കാണാനാവണമെന്നും പ്രിയങ്ക പറഞ്ഞു. കേരളത്തിലെ എല്ലാ എം പിമാരും ഉയർത്തിയ മറ്റൊരു പ്രശ്‌നം തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വേതനം കുടിശികയായതാണ്. അത് ലഭ്യമാകുന്നതിനായുള്ള പരിശ്രമം തുടരുകയാണെന്നും എം പി പറഞ്ഞു. ഐ സി ബാലകൃഷ്ണൻ എം എൽ എ അധ്യക്ഷനായിരുന്നു. ടി സിദ്ധിഖ് എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരീജ കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാർ, വൈസ് പ്രസിഡന്റ് ശോഭന സുകു, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ എം ടി കരുണാകരൻ, ശ്രീദേവി മുല്ലക്കൽ, ജോളി നരിതൂക്കിൽ, ജോമറ്റ് സെബാസ്റ്റ്യൻ, മണി പാമ്പനാൽ തുടങ്ങിയവർ സംസാരിച്ചു.