April 2, 2025

അംഗനവാടിയിലെ പോഷകാഹാര സാധനങ്ങൾ കടത്തിയ സംഭവം: നടപടി ആവശ്യപ്പെട്ട് ബി.ജെ.പി

 

 

തൊണ്ടർനാട് പഞ്ചായത്തിലെ കൂട്ടപ്പാറ അംഗനവാടിയിൽ നിന്ന് ഗർഭിണികൾക്കും കുട്ടികൾക്കും സർക്കാർ അനുവദിച്ച പോഷകാഹാര സാധനങ്ങൾ കടത്തിയ സംഭവത്തിൽ വയനാട് ജില്ല വനിത ശിശു വികസന ഓഫീസർക്ക് ബി.ജെ.പി പരാതി നൽകി. ബി.ജെ.പി പനമരം മണ്ഡലം അദ്ധ്യക്ഷൻ ജിതിൻ ഭാനുവാണ് ജില്ല വനിത ശിശു വികസന ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയത്. അംഗനവാടിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് സി.ഡി.പി.ഒ അംഗനവാടിയിൽ നേരിട്ടെത്തി അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയിരുന്നു. എന്നാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അംഗനവാടി അദ്ധ്യാപികക്ക് ആറു മാസത്തെ അവധി നൽകുകയാണ് ചെയ്തത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സി.ഡി.പി.ഒയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ജിതിൻ ഭാനു ആരോപിച്ചു. ഈ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അംഗനവാടിയിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *