
പുനരധിവാസത്തിന് സമ്മതപത്രം കൈമാറിയത് 235 ഗുണഭോക്താക്കൾ

കൽപറ്റ:മുണ്ടക്കൈ- ചൂരൽമല ദുരന്തം അതിജീവിതർക്കായി സർക്കാർ ഒരുക്കുന്ന പുനരധിവാസത്തിലേക്ക് സമ്മതപത്രം കൈമാറിയത് 235 ഗുണഭോക്താക്കൾ. പുനരധിവാസത്തിനായുള്ള ആദ്യഘട്ട ഗുണഭോക്ത്യ പട്ടികയിലുൾപ്പെട്ട 242 പേരിൽ 235 ആളുകളാണ് കലക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറിയത്. കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ നിർമിക്കുന്ന ടൗൺഷിപ്പിലേക്ക് ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 170 പേർ വീടിനായും 65 പേർ സാമ്പത്തിക സഹായത്തിനും സമ്മതപത്രം കൈമാറി. സമ്മതപത്രം കൈമാറാന്നുള്ള അവസാന ദിനമായ ഇന്നലെ (മാർച്ച് 24) 113 ഗുണഭോക്താക്കളാണ് കലക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറിയത്. ഇതിൽ 63 പേർ ടൗൺഷിപ്പിൽ വീടിനായും 50 പേർ സാമ്പത്തിക സഹായത്തിനുമാണ് ഓപ്ഷൻ നൽകിയത്. കൽപറ്റ ബൈപ്പാസിനോട് ചേർന്നു നിർമിക്കുന്ന ടൗൺഷിപ്പിൽ 1000 ചതുരശ്ര അടിയിൽ ഒറ്റ നിലയിലാണു വീട് നിർമിക്കുക. പ്രധാന മുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയാണ് വീടിൽ ഉൾപ്പെടുന്നത്. ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ എന്നിവ ടൗൺഷിപ്പിന്റെ ഭാഗമായി നിർമിക്കും. ടൗൺഷിപ്പിൽ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വർഷത്തേക്ക് കൈമാറ്റം പാടില്ലെന്നതാണ് വ്യവസ്ഥ. പാരമ്പര്യ കൈമാറ്റം നടത്താം. സാമ്പത്തിക സഹായം തിരഞ്ഞെടുക്കുന്നവർക്ക് 15 ലക്ഷം രൂപ സഹായം ലഭിക്കും. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലാണു വീടും സാമ്പത്തിക സഹായവും ലഭിക്കുക. പ്രായപൂർത്തിയാകാത്ത കുട്ടികളാണെങ്കിൽ പ്രായപൂർത്തിയായ ശേഷം കുട്ടിയുടെ പേരിലേയ്ക്കും ഉടമസ്ഥാവകാശം ലഭിക്കും. സംഘടനകൾ, സ്പോൺസർമാർ, വ്യക്തികൾ വീടുവച്ചു നൽകുന്നവർക്ക് സർക്കാർ നിശ്ചയിച്ച നിശ്ചിത തുക സാമ്പത്തിക സഹായമായി ലഭിക്കും