
മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ഭൂമി ഏറ്റെടുപ്പ്; എൽസ്റ്റൺ ഹാരിസൺ എസ്റ്റേറ്റുകൾക്ക് തിരിച്ചടി

മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എൽസ്റ്റൺ, ഹാരിസൺസ് എസ്റ്റേറ്റുകൾ നൽകിയ അപ്പീലുകൾ തീർപ്പാക്കിയായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഭൂമിയേറ്റെടുക്കൽ നടപടിക്ക് പലപ്പോഴും പ്രതിസന്ധിയായത് എസ്റ്റേറ്റ് ഉടമകളുടെ നിലപാടുകൾ ആയിരുന്നു. ഹൈക്കോടതി ഉത്തരവോടെ സർക്കാരിന് മുന്നിൽ പ്രതിസന്ധികൾ ഒഴിവാവുകയാണ്. എൽസ്റ്റൺ ഏറ്റെടുക്കാനുള്ള നഷ്ടപരിഹാരത്തുക 26 കോടി രൂപ സർക്കാർ ഉടൻ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തുക സ്വീകരിക്കാൻ ഹൈക്കോടതി രജിസ്ട്രാർക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കുന്നതോടെ എൽസ്റ്റൺ ഭൂമിയുടെ കൈവശാവകാശം സർക്കാരിന് ലഭിക്കും. പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് നിർദേശിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുനരധിവാസ പദ്ധതി സമയബന്ധിതമായി തീർപ്പാക്കണമെന്നും വ്യക്തമാക്കി. പല കുടുംബങ്ങളും പണം മതി, ഭൂമി വേണ്ടെന്ന നിലപാട് സ്വീകരിച്ചതിനാൽ എൽസ്റ്റൺ എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നില്ലെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മുന്നിൽ തടസ്സങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ സർക്കാർ നടപടികൾ പൂർത്തിയാക്കി പുനരധിവാസ നടപടികൾ വേഗത്തിൽ ആക്കണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.ഈ മാസം 27 നാണ് മുഖ്യമന്ത്രി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ തറക്കല്ലിടുന്നത്. അതേസമയം, മുണ്ടക്കൈയിൽ നിന്നുള്ള 17 പേരെയും റാട്ടപ്പാടിയിലെ കുടുംബങ്ങളെയും പടവെട്ടിക്കുന്ന്, വില്ലേജ് റോഡ് പ്രദേശവാസികളെയും പട്ടികയിൽ പരിഗണിക്കണമെന്നും ആവശ്യമുണ്ട്.