April 3, 2025

ഇന്റർനെറ്റ് സുരക്ഷാ ദിനാചരണം സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ഉദ്യോഗസ്ഥർക്ക് ബോധവത്കരണം

ഇന്റർനെറ്റ് സുരക്ഷാ ദിനചാരണത്തോടനുബന്ധിച്ച് ജില്ലാഭരണകൂടം, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ, സൈബർ പോലീസ്, കെഎസ്‌ഐടിഎം, ഐടി സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്ക് സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇ- ഓഫീസ് മുഖേന രേഖകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രതയോടെയും ശ്രദ്ധയോടെയും ഡിജിറ്റൽ മേഖല ഉപയോഗിക്കണമെന്ന് ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് അസിസ്റ്റന്റ് കളക്ടർ എസ്.ഗൗതംരാജ് പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ 2024 വർഷത്തിൽ മാത്രം സംസ്ഥാനത്ത് 41425 കേസുകൾ രജിസ്റ്റർ ചെയ്യുകയും 768 കോടി രൂപ നഷ്ടപ്പെട്ടതായും സൈബർ പോലീസ് സബ് ഇൻസ്പെക്ടർ എ.വി ജലീൽ അറിയിച്ചു. നെറ്റ് ബാങ്കിങ് കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് നിരവധി പേർ ആത്മഹത്യ ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നും വൈഫൈ പോലുള്ള ഫ്രീ ഇന്റർനെറ്റ് സേവനങ്ങൾ, ബസ്-റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമായിട്ടുള്ള ചാർജിങ് സേവനങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ ജാഗ്രതയുണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി. സൈബർ കുറ്റകൃത്യങ്ങളിലൂടെ പണം നഷ്ട്ടമായവർ ആദ്യ ഒരു മണിക്കൂറിനകം 1930 എന്ന സൈബർ ക്രൈം എമർജൻസി നമ്പറിൽ ബന്ധപ്പെടണമെന്നും തുക കൈമാറിയവരുടെയും പണം നഷ്ടപ്പെട്ടവരുടെ ബാങ്ക് വിവരങ്ങൾ, പണം കൈമാറിയ വിവരങ്ങൾ എന്നിവ അടിയന്തരമായി സൈബർ പോലീസിന് കൈമാറിയാൽ തുക തടഞ്ഞുവെക്കാൻ സാധിക്കും. കോളേജ് വിദ്യാർത്ഥികളുടെ പേരിൽ ബാങ്ക് അക്കൗണ്ട്, സിം കാർഡ് എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന പ്രവണത കൂടുതലാണ്. ഇത്തരം സാധ്യത ഒഴിവാക്കാൻ രക്ഷിതാക്കൾ മക്കളുടെ അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ സിം കാർഡുകളുടെ കൃത്യമായ വിവരങ്ങൾ മനസ്സിലാക്കണം. ആളുകളുടെ സൈക്കോളജി ഉപയോഗിച്ച് ഡിജിറ്റൽ ട്രാപ്പ് ചെയ്യുന്ന ചാരിറ്റി ട്രാപ്പ്, കാർഡിങ് സ്‌കാം, ഡിജിറ്റൽ അറസ്റ്റ് ലോ എൻഫോഴ്‌സ്മെന്റ് സ്‌കാം തുടങ്ങി വിവിധതരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയിൽ ഉദ്യോഗസ്ഥർക്ക് സൈബർ പോലീസ് അവബോധം നൽകി. ഓൺലൈൻ തട്ടിപ്പുകളിൽ അകപ്പെടാതെ ഉപയോക്താക്കൾ ജാഗ്രത പാലിക്കകണമെന്നും സൈബർ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിൽ നാഷണൽ ഇൻഫർമാറ്റിക്‌സ് ഓഫീസർ ജസീം ഹാഫിസ്, എച്ച്.എസ് വി.കെ ഷാജി, കളക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *