പുതിയ വർണങ്ങളണിഞ്ഞ് ബത്തേരി

ബത്തേരി: ശുചിത്വനഗരമായും പൂക്കളുടെ സിറ്റിയായും ആനന്ദ നഗരിയായും പേരു കേട്ട ബത്തേരി പുതിയ വർണങ്ങളണിഞ്ഞ് കൂടുതൽ സുന്ദരമാകുന്നു. പായലും പൂപ്പലും പരസ്യ ബോർഡുകളും പോസ്റ്ററുകളുമായി ചെളിപുരണ്ടു കിടന്ന ചുവരുകളും തൂണുകളും മതിലുകളും ബസ് സ്റ്റാൻഡുമെല്ലാം നിറക്കൂട്ടണിഞ്ഞ് അടിമുടി മാറ്റിയിരിക്കുന്നു. നഗരസഭയുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെയും വ്യാപാരികളുടെയും സഹകരണവുമുണ്ടായി. ആർട്ടിസ്റ്റും ഡിസൈനറുമായ റഷീദ് ഇമേജിന്റെ മേൽനോട്ടത്തിലാണ് ടൗണിനെ നിറം പിടിപ്പിച്ചത്. മാതാപിതാക്കൾക്കൊപ്പം രണ്ടു കുട്ടികളും ഒരു നായ്ക്കുട്ടിയും നിൽക്കുന്ന സന്തോഷം തുളുമ്പുന്ന ചിത്രമാണ് നിറം മാറ്റത്തിന്റെ തീം. പല ചുമരുകളിലും അഞ്ചംഗ കുടുംബം നിറഞ്ഞപ്പോൾ ചിലയിടങ്ങളിൽ കുട്ടികൾ മാത്രമായി. പൂക്കൾക്കും വൃത്തിക്കുമൊപ്പം ഹാപ്പി ഹാപ്പി ബത്തേരിയെന്ന ആനന്ദ നഗരത്തിന്റെ സൂചകം കൂടിയാണ് ചിത്രങ്ങളിൽ ഉൾപ്പെടുത്തിയത്. കെഎസ്ആർടിസി ഗാരിജ്, കോട്ടക്കുന്ന് കവല, ചുങ്കം മോസ്ക് പരിസരം, താലൂക്ക് ആശുപത്രി മതിൽ, ട്രാഫിക് ജംക്‌ഷൻ, പഴയ ബസ് സ്റ്റാൻഡ്, ഗാന്ധി ജം‌ക്‌ഷൻ, വൺവേ റോ‍ഡ്, അസംപ്ഷൻ ജംക്‌ഷൻ, ബസ് സ്റ്റോപ് തുടങ്ങി എല്ലായിടത്തും നീല ബാക്ഗ്രൗണ്ടിൽ ചുവപ്പും മഞ്ഞയും വെള്ളയും നിറഞ്ഞ ചിത്രങ്ങളും സന്ദേശങ്ങളും നിറഞ്ഞപ്പോൾ അത് വേറിട്ട കാഴ്ചയായി. ‘പവറാണ്..കളറാണ്..ക്ലീനാണ് ..സുൽത്താൻ ബത്തേരി, ‘വേർതിരിവ് മനുഷ്യരോടല്ല, മാലിന്യത്തോട്’, ‘ഒരുമിക്കാം പങ്കാളിയാവാം ഒന്നാമതാകാം’, ശുചിത്വം മേനി ആകരുത്, ശീലമാകണം.’, ‘ക്ലീൻ സിറ്റി.. ഗ്രീൻ സിറ്റി..ഫ്ലവർ സിറ്റി’,‘അറിയാം പ്ലാസ്റ്റിക്കിനെ.. പറയാം നോ’, ‘മാറ്റം ഇവിടെ തുടങ്ങുന്നു’തുടങ്ങിയ സന്ദേശവരികളാണ് ചുവരുകളിലെങ്ങും നിറഞ്ഞത്. ട്രാഫിക് ജംക്‌ഷനിൽ ബസ് സ്റ്റാ‍ൻഡിലേക്ക് തിരിയുന്ന ഭാഗത്ത് പഴയ കെട്ടിടത്തിന്റെ കൂറ്റൻ ചുമരിൽ കാലങ്ങളായി നിറഞ്ഞു കിടന്ന പഴകിയ പരസ്യ ബോർഡുകളും പോസ്റ്ററുകളും വഴിയിലേക്കിറങ്ങി നിന്ന തൂണുകളുമെല്ലാം മാറ്റിയാണ് പുതിയ നിറവും ചിത്രങ്ങളും നൽകിയത്. ഇതിനു മാത്രം 6 ദിവസം വേണ്ടി വന്നു. നഗരസഭാ ശുചീകരണ തൊഴിലാളികളാണ് പരസ്യ ബോർഡുകളും മറ്റും മാറ്റി കഴുകി വൃത്തിയാക്കി പെയിന്റിങ്ങിനായി ഒരുക്കി നൽകിയത്. റഷീദ് ഇമേജിന്റെ നേതൃത്വത്തിൽ 4 പേർ 2 മാസത്തോളമാണ് വരകളിൽ ഏർപ്പെട്ടത്. ബത്തേരിയിലെ വിവിധ കലാലയങ്ങളിൽനിന്നുള്ള വിദ്യാർഥികളും ഗ്രീൻസ് ക്ലബ് അംഗങ്ങളും വ്യാപാരികളും വൃത്തിയെ സ്നേഹിക്കുന്ന നാട്ടുകാരും വിവിധ സമയങ്ങളിലായി പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *