സ്ത്രീകളിലെ അർബുദ പരിശോധനയുമായി ആരോഗ്യ വകുപ്പ് ക്യാൻസർ കെയർ സ്‌ക്രീനിങ് ക്യാമ്പയിന് നാലിന് തുടക്കം
സ്ത്രീകളിലെ സ്തനാർബുദം, ഗർഭാശയാർബുദം കണ്ടെത്താൻ ആരോഗ്യ വകുപ്പ് ജില്ലയിലെ 30 വയസ് കഴിഞ്ഞ സ്ത്രീകളിൽ ക്യാൻസർ കെയർ പരിശോധന നടത്തുന്നു. ക്യാൻസർ കെയർ പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുകയാണ് ലക്ഷ്യമെന്ന് കളക്ടറേറ്റിൽ നടന്ന ജില്ലാതല ക്യാൻസർ സ്‌ക്രീനിങ് ക്യാമ്പെയിൻ ഇന്റർ സെക്ടർ യോഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഫെബ്രുവരി നാല് മുതൽ മാർച്ച് ഏട്ട് വരെയാണ് പരിശോധന നടക്കുക. രോഗം വൈകി കണ്ടെത്തുന്നത് സംബന്ധിച്ച് ആശങ്ക പരിഹരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സ്ത്രീകളിലെ സ്തനാർബുദം, ഗർഭാശയാർബുദം എന്നിവയിൽ അവബോധം നൽകൽ, സ്വമേധയാ ഉള്ള പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി പരിശോധനക്ക് വിധേയമാകാൻ ജനങ്ങളിൽ അനുകൂല സാഹചര്യം വളർത്തിയെടുക്കുകയാണ് ക്യാമ്പെയിനിലൂടെ. സാമൂഹികവും സാമ്പത്തികവുമായി ദുർബലമായവർക്ക് സ്‌ക്രീനിങ്, ചികിത്സ എന്നിവക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കും. ജില്ലയിലെ 30-65 ഇടയിൽ പ്രായമുള്ള എല്ലാ സ്ത്രീകളെയും സ്‌ക്രീനിങ്ങിന് വിധേയമാക്കും. സ്ത്രീകൾക്ക് സ്ത്രീകളിലൂടെയെന്ന പ്രചാരണ ബോധവത്ക്കരണത്തിലൂടെ ജനങ്കീയ പങ്കാളിത്തം ഉറപ്പാക്കി രോഗ നിർണയം നടത്തും. സർക്കാർ -സ്വകാര്യ മേഖലകളുടെയും സാമൂഹിക പങ്കാളിത്തത്തോടെയും നടപ്പാക്കുന്ന പരിശോധന ക്യാമ്പയിനിൽ എപിഎൽ വിഭാഗക്കാരെ സ്വമേധയാ സ്‌ക്രീനിങ്ങിനായി പ്രോത്സാഹിപ്പിക്കും. ജില്ലയിലെ പ്രാഥമിക – കുടുംബാരോഗ്യങ്ങൾ, പ്രൈവറ്റ് ക്ലിനിക്കുകൾ മുഖേന സ്തനാർബുദ നിർണയത്തിന് ക്ലിനിക്കൽ പരിശോധനയും ഗർഭാശയ ക്യാൻസർ നിർണയത്തിന് പാപ്പ്സ്മിയർ പരിശോധനയും നടത്തും. ക്യാമ്പെയിന്റെ ഭാഗമായുള്ള സർവ്വെ എല്ലാവരും പൂർത്തീകരിക്കണം. ക്യാൻസർ കെയർ പരിശോധനയ്ക്ക് 30 കഴിഞ്ഞ എല്ലാ സ്ത്രീകളുടെയും സർക്കാർ ഓഫീസുകളിലെ മുഴുവൻ വനിതാ ജീവനക്കാരുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ദിനീഷ് യോഗത്തിൽ അറിയിച്ചു. കുഷഠ രോഗ നിർണയ ക്യാമ്പയിന്റെ ഭാഗമായി ഫെബ്രുവരി 12 വരെ ജില്ലയിൽ നടക്കുന്ന ബോധവത്കരണ ക്യാമ്പെയിനിൽ പങ്കെടുത്ത് പരിശോധന ഉറപ്പാക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ സമീറ സെയ്തലവി, വിവിധ വകുപ്പ് ജില്ലാ മേധാവികൾ, ഉദ്യാഗസ്ഥർ എന്നിവർ പങ്കെടുത്തു.
Average Rating