വന്യജീവികളുടെ കാടിറക്കം തടയാൻ പദ്ധതികളുമായി വനം വകുപ്പ്
കൽപ്പറ്റ: വയനാട്ടിൽ വന്യജീവികളുടെ കാടിറക്കം തടയാൻ പദ്ധതികളുമായി വനം-വന്യജീവി സംരക്ഷണ വകുപ്പ്. വനത്തിൽ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തിയും വനാതിർത്തികളിൽ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമാക്കിയും ജനവാസ മേഖലകളിൽ വന്യജീവി ശല്യം കുറയ്ക്കാനാണ് വനം വകുപ്പിന്റെ നീക്കം. ഇതിനു ദീർഘകാല, ഹ്രസ്വകാല പദ്ധതികളാണ് നടപ്പാക്കുന്നത്.ദീർഘകാല പദ്ധതികളുടെ ഭാഗമായി ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനു ജില്ലയിലെ മൂന്നു വനം ഡിവിഷനുകളിലുമായി 1,800 ഹെക്ടർ ചതുപ്പ് നബാർഡ് പിന്തുണയോടെ പരിപാലിക്കും. വന്യജീവി സങ്കേതത്തിൽനിന്നു മൂന്നു മാസത്തിനകം 2,000 മെട്രിക് ടൺ മഞ്ഞക്കൊന്ന നീക്കം ചെയ്യും. കാടിന്റെ പാരിസ്ഥിതിക സന്തുലനം നശിപ്പിക്കുകയും പ്രദേശം വന്യജീവികളുടെ വാസത്തിന് ഉതകാത്തതാക്കുകയും ചെയ്യുന്ന അധിനിവേശ സസ്യമാണ് മഞ്ഞക്കൊന്ന. ഇതിനകം വന്യജീവി സങ്കേതത്തിൽ 2,000 ഹെക്ടറിൽ മഞ്ഞക്കൊന്ന നിർമാജനം നടത്തിയിട്ടുണ്ട്. വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിലാണ് മഞ്ഞക്കൊന്ന കൂടുതൽ. തോൽപ്പെട്ടി റേഞ്ചിലും മഞ്ഞക്കൊന്ന നിർമാർജനം നടക്കുന്നുണ്ട്. വനത്തിൽ വേനലിലും ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിലെ മൂന്ന് വനം ഡിവിഷനുകളിലും നടത്തും. ജലസ്രോതസുകളിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്യും.വന്യജീവി പ്രതിരോധത്തിന് വനാതിർത്തികളിലെ സോളാർ വേലികളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. 50 കിലോമീറ്റർ ദൈർഘ്യത്തിൽ വേലികളുടെ അറ്റകുറ്റപ്പണി രണ്ട് മാസത്തിനകം പൂർത്തിയാക്കും. ഇതിന് സിഎസ്ആർ ഫണ്ട് പ്രയോജനപ്പെടുത്തും. 63.5 കിലോമീറ്റർ ദൈർഘ്യത്തിൽ സോളാർ വേലി അറ്റകുറ്റപ്പണി ഇതിനകം നടത്തിയിട്ടുണ്ട്. വിദഗ്ധരുടെ നിർദേശങ്ങൾ ഉൾപ്പെടെ ലാൻഡ്‌സ്‌കേപ്പ് ലെവൽ പ്ലാൻ തയാറാക്കിവരികയാണ്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാക്കും.വന്യമൃഗ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളിൽ(ഹോട് സ്‌പോട്ടുകൾ)ഹ്രസ്വകാല നടപടികളുടെ ഭാഗമായി ഇന്ന് അവസാനിക്കുന്ന വിധത്തിൽ മൂന്നു ദിവസത്തെ തെരച്ചിൽ നടന്നുവരികയാണ്. സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചിൽപ്പെട്ട പെരുന്തട്ട, ചുഴലി, അറമല, പടവെട്ടിക്കുന്ന്, കൽപ്പറ്റ റേഞ്ചിലെ കറുകൻതോട്, മേൽമുറി, സേട്ടുകുന്ന്, ചെതലത്ത് റേഞ്ചിലെ കേളക്കവല, ചേകാടി, വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിൽപ്പെട്ട താത്തൂർ, 50 ഏക്കർ, കല്ലൂർക്കുന്ന്, ബത്തേരി റേഞ്ചിലെ മാറോട്, ഓടപ്പള്ളം, പിലാക്കാവ്, മുത്തങ്ങ റേഞ്ചിലെ കള്ളാടിക്കൊല്ലി, ചീരൽ, തോൽപ്പെട്ടി റേഞ്ചിലെ കോട്ടൂർകരമാട്, നെടുന്തറ കക്കേരിനോർത്ത് വയനാട് വനം ഡിവിഷനിലെ പേരിയ റേഞ്ചിൽപ്പെട്ട മാറാടി, 41-ാം മൈൽ, പേരിയ, കാപ്പാട്ടുമല, ബേഗൂർ റേഞ്ചിലെ പഞ്ചാരക്കൊല്ലി, ചിറക്കര, മക്കി, പാൽവെളിച്ചം, മുത്തുമാരി, വെള്ളഞ്ചേരി, ബാവലി, ചേകാടി, സർവാണി, ആക്കൊല്ലി, പനവല്ലി, മാനന്തവാടി റേഞ്ചിലെ തവളപ്പാറ, മംഗലശേരി, വാളാരംകുന്ന്, പേരിഞ്ചേരിമല, പനമരം എന്നിവ തെരച്ചിൽ നടക്കുന്ന ഹോട്‌സ്‌പോട്ടുകളാണ്. ഇവിടങ്ങളിൽ ജനവാസകേന്ദ്രങ്ങളിലോ അടുത്തോ കാണുന്ന വന്യമൃഗങ്ങളെ ഉൾവനത്തിലേക്ക് തുരത്തും. ഹോട്‌സ്‌പോട്ടുകളിൽ തെർമൽ ഡ്രോൺ ഉൾപ്പെടെ ഉപയോഗപ്പെടുത്തി നിരീക്ഷണം നടത്തും. ജനവാസകേന്ദ്രങ്ങളോടു ചേർന്നുള്ള വനാതിർത്തികളിലെ അടിക്കാട് ഒരു മാസത്തിനകം വെട്ടിനീക്കും.
Average Rating